ലിസ്ബൺ : ഖത്തർ ലോകകപ്പിന്‍റെ യോഗ്യതാ മത്സരത്തിൽ ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ക്വാളിഫൈയിങ് പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പറങ്കികളുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.15ന് പോർട്ടോയിലെ എസ്താദിയോ ദൊ ദ്രഗാവോയിലാണ് മത്സരം.
അതേസമയം മത്സരത്തെ ജീവൻ മരണ പോരാട്ടം എന്ന് തന്നെയാണ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും വിശേഷിപ്പിച്ചത്. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലാണ്. ഈ മത്സരം ഞങ്ങൾക്ക് വിജയിക്കണം. ഇത് നമ്മുടെ ജീവിതത്തെ നിർണയിക്കുന്ന മത്സരമാണ് ' - റോണാൾഡോ പറഞ്ഞു.
തുർക്കിക്കെതിരെ നേടിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾളുടെ തകർപ്പൻ വിജയത്തിന്‍റേയും സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്‍റെ ആത്‌മവിശ്വാസത്തിലുമാണ് പോർച്ചുഗൽ ഇന്ന് പന്തുതട്ടാനിറങ്ങുന്നത്. കൂടാതെ കരിയറിന്‍റെ അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുന്ന റൊണാൾഡോയ്‌ക്ക് ലോകകപ്പ് എന്ന സ്വപ്‌നം കണ്ടുതുടങ്ങണമെങ്കിൽ ഇന്നത്തെ വിജയം ഏറെ നിർണായകമാണ്.
ALSO READ: ക്രിസ്റ്റ്യാനോയുടെ കൈയൊപ്പ് ചാലിശേരിയിലെത്തി; താരം ഒപ്പിട്ട ജേഴ്‌സിയുമായി ഒരു 'ദുബായിക്കാരന്‍'
എന്നാൽ എതിരാളികളും ചില്ലറക്കാരല്ല. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ച കരുത്തോടെയാണ് നോർത്ത് മാസിഡോണിയ ഇന്ന് കളത്തിലിറങ്ങുന്നത്. പോർച്ചുഗല്ലിനെയും അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ഇടം നേടുക എന്നതാണ് പരിശീലകൻ ബ്ലാഗോജ മിലേവ്‌സ്‌കിക്കിന്‍റെ നേതൃത്വത്തിലുള്ള നോർത്ത് മാസിഡോണിയയുടെ ലക്ഷ്യം.