ദോഹ: കൗമാര താരം ജൂഡ് ബെലിങ്‌ഹാമിനെ പുകഴ്‌ത്തി ഇംഗ്ലണ്ട് ഹെഡ് കോച്ച് ഗാരെത് സൗത്ത്ഗേറ്റ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 19കാരനായ താരം മറ്റൊരു തലത്തിലേക്ക് വളര്‍ന്നതായി സൗത്ത്ഗേറ്റ് പറഞ്ഞു. ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരായ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇംഗ്ലീഷ് പരിശീലകന്‍റെ പ്രതികരണം.
"ബെലിങ്‌ഹാം എത്ര വേഗത്തിലാണ് പക്വത പ്രാപിക്കുന്നതെന്ന് പ്രവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അവന്‍ മറ്റൊരു തലത്തിലേക്കാണ് വളര്‍ന്നത്", സൗത്ത്ഗേറ്റ് പറഞ്ഞു. കളിയോടുള്ള മനോഭാവമാണ് ബെല്ലിങ്‌ഹാമിനെ മറ്റ് യുവതാരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.
കൂടുതല്‍ പഠിക്കാനും തന്‍റെ കഴിവുകള്‍ മെച്ചപ്പെടുത്താനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് അവനിലുള്ളതെന്നും സൗത്ത്‌ഗേറ്റ് കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ ഇതേവരെ ഇംഗ്ലണ്ട് കളിച്ച നാല് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് മിഡ്‌ഫീൽഡർ ഇടം നേടിയിരുന്നു.
ആവശ്യമുള്ളപ്പോൾ ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ബെല്ലിങ്ഹാമിന്‍റെ കഴിവിലാണ് സൗത്ത്ഗേറ്റ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സെനഗലിനെതിരായ ഇംഗ്ലണ്ടിന്‍റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ബെലിങ്‌ഹാമാണ്. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ത്രീ ലയണ്‍സിനായി ലക്ഷ്യം കണ്ടത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് സംഘത്തിന്‍റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്‍റെ വരവ്. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒലിവര്‍ ജിറൂദും ലക്ഷ്യം കണ്ടു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പോളണ്ടിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.