ദോഹ: ഖത്തർ ലോകകപ്പ് ഫുട്‌ബോള്‍ ഇന്‍റര്‍കോണ്ടിനന്‍റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന്(ജൂണ്‍ 13) തുടക്കമാകും. ആദ്യ പ്ലേ ഓഫിൽ ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഖത്തറിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാണ് മത്സരം.
ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്‍റെ നാലാം റൗണ്ടില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഓസ്‌ട്രേലിയ പ്ലേ ഓഫ് പോരാട്ടത്തിന് യോഗ്യത നേടിയത്. ലാറ്റിനമേരിക്കന്‍ യോഗ്യത ടേബിളിൽ അഞ്ചാമതായാണ് പെറുവിന്‍റെ വരവ്. കരുത്തരായ പെറുവിനെ തോല്‍പ്പിക്കാന്‍ ഓസീസിനായാല്‍ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടാം. റയല്‍ സോസിഡാഡിന്‍റെ വല കാക്കുന്ന ക്യാപ്‌റ്റന്‍ മാത്യു റയാന്‍റെ സാന്നിധ്യമാണ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
2006 മുതല്‍ എല്ലാ ലോകകപ്പുകളിലും കളിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് പക്ഷേ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ലാറ്റിനമേരിക്കയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞാണ് പെറുവിന്‍റെ വരവ്. ക്രിസ്റ്റ്യന്‍ ക്യുയേവ, ആന്ദ്രെ കാരിയോ എന്നിവരുടെ നീക്കങ്ങള്‍ ഓസ്‌ട്രേലിയ കരുതിയിരിക്കേണ്ടി വരും. രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ കോസ്‌റ്ററീക്ക നാളെ(ജൂണ്‍ 14) ന്യൂസിലാൻഡിനെ നേരിടും.