ദോഹ : കടലാസിലും കളിമൈതാനത്തും ഒരു പോലെ കരുത്തരായ സ്‌പെയിന്‍. തങ്ങളുടേതായ ദിവസം ആരേയും വീഴ്‌ത്താന്‍ കെല്‍പ്പുള്ള മൊറോക്കോ. ലോകകപ്പ് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇരു ടീമും ഇന്ന് അല്‍ റയാന്‍ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ തീപാറും പോരാട്ടം ഉറപ്പ്. ഇന്ത്യന്‍ സമയം രാത്രി 8:30 മുതല്‍ ആണ് മത്സരം.
കരുത്തര്‍ സ്‌പെയിന്‍ : ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെയാണ് സ്‌പെയിന്‍ കളിക്കുന്നത്. ടിക്കി ടാക്ക തന്ത്രത്തിലൂടെ എതിരാളികളെ വട്ടം കറക്കുന്ന കളിശൈലി. ഓരോ മേഖലയിലും യുവത്വവും പരിചയസമ്പത്തും ചേരുന്ന താരങ്ങള്‍ കൂടിയാകുമ്പോള്‍ എൻറിക്വെയുടെ ടീം ശക്തം.
മുന്നേറ്റത്തിലെ താരങ്ങളെല്ലാം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചവരാണ് സ്‌പാനിഷ് നിരയില്‍. സ്‌പെയിന്‍ ഇതുവരെ അടിച്ച 9 ഗോള്‍ 7പേര്‍ ചേര്‍ന്നാണ് സ്‌കോര്‍ ചെയ്‌തത്. ഇത് തന്നെ ടീമിന്‍റെ കരുത്ത് വിളിച്ചോതുന്നതാണ്.
ഗാവി, പെഡ്രി എന്നീ പയ്യന്മാര്‍ അണിനിരക്കുന്ന മധ്യനിരയും ശക്തം. ഇവര്‍ക്കൊപ്പം മൊറാട്ട, ഫെറാന്‍ ടോറസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ടീം പതിന്മടങ്ങ് കരുത്താര്‍ജിക്കും. പ്രതിരോധ നിരയില്‍ മാത്രമാണ് ടീം ചെറിയ വെല്ലുവിളി നേരിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ ഏഴ് ഗോളിന് തകര്‍ത്താണ് ലോകകപ്പ് യാത്ര സ്‌പെയിന്‍ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് സമനില. അവസാന മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി. പ്രാഥമിക ഘട്ടത്തില്‍ തന്നെ കഴിവും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ സ്‌പാനിഷ് ടീമിന് തന്നെയാകും റൗണ്ട് ഓഫ് സിക്‌സ്‌റ്റീനില്‍ മൊറോക്കോയ്‌ക്കെതിരെ മുന്‍തൂക്കം.
എന്തിനും പോന്ന മൊറോക്കോ : പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് ലോകകപ്പില്‍ ആഫ്രിക്കന്‍ സംഘത്തിന്‍റെ കുതിപ്പ്. സമനിലയോടെ തുടങ്ങിയ മൊറോക്കോയുടെ യാത്ര തുടര്‍ജയങ്ങളിലാണ് എത്തി നില്‍ക്കുന്നത്. മൊറോക്കന്‍ കരുത്തിന് മുന്നില്‍ അടിപതറിയവരുടെ കൂട്ടത്തില്‍ ലോക രണ്ടാം റാങ്കുകാരുമുണ്ട്.
മികച്ച ആസൂത്രണവും താരങ്ങളുടെ കായിക ക്ഷമതയുമാണ് ടീമിന്‍റെ കരുത്ത്. യൂറോപ്യന്‍ ലീഗുകളില്‍ പന്ത് തട്ടുന്ന താരങ്ങളും ടീമിന്‍റെ മാറ്റ് കൂട്ടുന്നു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോളടിച്ച് കൂട്ടുന്നതാണ് ടീമിന്‍റെ കളി ശൈലി.
അവസരങ്ങള്‍ മുതലാക്കാന്‍ കെല്‍പ്പുള്ള മൊറോക്കന്‍ മുന്നേറ്റനിര ഇതിനോടകം തന്നെ നാല് ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌പെയിനിന്‍റെ ടിക്കി ടാക്കയെ മറികടക്കാന്‍ പോന്നതാണ് അഷ്‌റഫ് ഹക്കിമി നേതൃത്വം നല്‍കുന്ന പ്രതിരോധം. കടലാസിലെ കരുത്തര്‍ സ്‌പെയിന്‍ ആണെങ്കിലും തങ്ങളുടേതായ ദിവസം ആരെയും വീഴ്ത്താന്‍ കഴിവുള്ളവരാണ് എന്ന് തെളിയിച്ചാണ് മൊറോക്കന്‍ സംഘത്തിന്‍റെ വരവ്.