ദോഹ : ഖത്തറില്‍ ലോകകപ്പ് കിരീടത്തിനായി പോരടിക്കാന്‍ ഇനി എട്ട് ടീമുകള്‍. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, മൊറാക്കോ എന്നിങ്ങനെ രണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളും ഒരു ആഫ്രിക്കന്‍ രാജ്യവുമാണ് അവസാന എട്ടിലെത്തിയത്.
ബ്രസീല്‍, അര്‍ജന്‍റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ മുന്‍ ചാമ്പ്യന്മാരാണ്. മറ്റ് നാല് ടീമുകളും തങ്ങളുടെ കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതില്‍ മൊറാക്കോ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ക്വര്‍ട്ടറിലെത്തുന്നത്. അട്ടിമറികള്‍ ഏറെ കണ്ട ഖത്തറില്‍ കരുത്തരായ സ്‌പെയ്‌നിന് മടക്ക ടിക്കറ്റ് നല്‍കിയാണ് സംഘം അവസാന എട്ടിലെത്തിയത്.
ഡിസംബര്‍ ഒമ്പത് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക. ആദ്യ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയുമാണ് ഏറ്റുമുട്ടുക. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. 10ാം തിയതി ശനിയാഴ്‌ച രണ്ട് മത്സരങ്ങളുണ്ട്.
പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് നെതര്‍ലന്‍ഡ്‌സാണ് എതിരാളി. തുടര്‍ന്ന് രാത്രി 8.30ന് പോര്‍ച്ചുഗല്‍ മൊറോക്കോയ്‌ക്ക് എതിരെ കളിക്കും. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഡിസംബര്‍ 11ന് പുലര്‍ച്ചെ 12.30നാണ് ഈ മത്സരം നടക്കുക.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം
ഡിസംബർ 9, വെള്ളി (8:30 PM IST): ബ്രസീല്‍ vs ക്രൊയേഷ്യ-എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം.
ഡിസംബർ 10, ശനി (12:30 AM IST): നെതർലാൻഡ്‌സ് vs അർജന്‍റീന-ലുസൈൽ സ്റ്റേഡിയം
ഡിസംബർ 10, ശനി (8:30 PM IST): പോർച്ചുഗൽ vs മൊറോക്കോ- അൽ തുമാമ സ്റ്റേഡിയം
ഡിസംബർ 11, ഞായർ (12:30 AM IST): ഇംഗ്ലണ്ട് vs ഫ്രാൻസ്- അൽ ബൈത്ത് സ്റ്റേഡിയം