ബ്രിസ്‌ബണ്‍: ഫിഫ വനിത ലോകകപ്പിൽ (FIFA Women's World Cup) സ്വീഡന് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയെയാണ് (Australia women football team) സ്വീഡിഷ് വനിതകള്‍ കീഴടക്കിയത് (Sweden vs Australia Highlights). ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വീഡന് (sweden women football team) മുന്നില്‍ ഓസീസ് വനിതകള്‍ കീഴടങ്ങിയത്.
ഫ്രിഡോളിന റോൾഫോ, കൊസോവാരെ അസ്ലാനി (Fridolina Rolfo and Kosovare Asllani scores for sweden) എന്നിവരാണ് വിജയികള്‍ക്കായി ഗോളടിച്ചത്. സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസിന്‍റെ മിന്നും പ്രകടനവും ടീമിന് ഏറെ മുതല്‍ക്കൂട്ടായി. ഫിഫ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ സ്വീഡൻ ഇത് നാലാം തവണയാണ് ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്.
ബ്രിസ്‌ബണിലെ സൺകോർപ്പ് സ്റ്റേഡിയത്തില്‍ 50,000-ത്തോളം വരുന്ന ആരാധകരായിരുന്നു മത്സരം കാണാനെത്തിയത്. ഓസീസിന്‍റെ മുന്നേറ്റ നിരയിലെ അപകടകാരികളായ സാം കെറിനെയും മേരി ഫൗളറിനെയും ഏറെ വിദഗ്‌ധമായി സ്വീഡിഷ് വനിതകള്‍ പൂട്ടി. മറുവശത്ത് ആതിഥേയരുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം ഇരച്ച് കയറുകയായിരുന്നു സ്വീഡിഷ് സ്‌ട്രൈക്കർ സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസ് (Stina Blackstenius). ടീമിന്‍റെ ഇരു ഗോളുകളിലും നിര്‍ണായക പങ്കാണ് താരം വഹിച്ചത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് സ്വീഡിഷ് വനികള്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. മിഡ്‌ഫീല്‍ഡില്‍ കൂടുതലായി പന്ത് നിയന്ത്രിച്ച സംഘം പതിയെയായിരുന്നു കളി മെനഞ്ഞത്. എന്നാല്‍ ആദ്യ 60 സെക്കൻഡിൽ തന്നെ മുന്നിലെത്താന്‍ സ്വീഡന് സുവർണാവസരം ലഭിച്ചിരുന്നു. സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസിന്‍റെ ഷോട്ട് ഓസ്‌ട്രേലിയൻ ഗോൾകീപ്പർ മക്കെൻസി അർനോൾഡ് തടുത്തിട്ടു. പിന്നാലെ ഒരു ഓപ്പണര്‍ ചാന്‍സും സംഘത്തിന് നഷ്‌ടമായി.
24-ാം മിനിട്ടിലാണ് സ്വീഡിഷ് പോസ്റ്റിലേക്ക് ഒരു ഷോട്ട് ഉതിര്‍ക്കാന്‍ ഓസീസിന് കഴിഞ്ഞത്. ഹെയ്‌ലി റാസോയുടെ ഈ ഷോട്ട് ഏറെ പണിപ്പെട്ട് ഗോള്‍ കീപ്പര്‍ സെസിറ മുസോവിക് രക്ഷപ്പെടുത്തിയതാണ് സ്വീഡന് രക്ഷയായത്. എന്നാല്‍ 30-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സ്വീഡന്‍ ആദ്യ ഗോളടിച്ചു.
ഓസീസ് പോസ്റ്റില്‍ സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസിനെ ക്ലെയർ ഹണ്ട് വീഴ്‌ത്തിയതിന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഫ്രിഡോളിന റോൾഫോ അനായാസം പന്ത് വലയില്‍ എത്തിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായ സ്വീഡന് മറുപടി നല്‍കാനുറച്ചായിരുന്നു രണ്ടാം പകുതിയില്‍ ഓസീസ് ഇറങ്ങിയത്.
ഇതിന്‍റെ ഭാഗമായി 60-ാം മിനിട്ടില്‍ മുന്നേറ്റ നിരയില്‍ രണ്ട് മാറ്റങ്ങളാണ് ഓസീസ് കോച്ച് നടത്തിയത്. എന്നാല്‍ രണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ സ്വീഡന്‍ ലീഡ് ഉയര്‍ത്തി. ബ്ലാക്ക്‌സ്റ്റെനിയസിന്‍റെ ഒരു തകര്‍പ്പന്‍ ക്രോസിലായിരുന്നു അസ്ലാനി ഗോളടിച്ചത്. ഇതോടെ സൺകോർപ്പ് സ്റ്റേഡിയം നിശബ്‌ദമായി. പിന്നീടുള്ള സമയം തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്വീഡിഷ് പ്രതിരോധക്കോട്ട പൊളിക്കാന്‍ കഴിഞ്ഞില്ല.