ഭുവനേശ്വര്‍ : അണ്ടര്‍ 17 വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ് എയില്‍ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടങ്ങിയത്. മൊറോക്കോയ്ക്കായി എല്‍ മദാനി ദോഹ, യാസ്‌മിന്‍ സൗഹിര്‍, ദ്യേന ചെറിഫ് എന്നിവരാണ് ഗോള്‍ നേടിയത്.
കരുത്തരായ മൊറോക്കോയ്‌ക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ പകുതിയില്‍ മൊറോക്കോയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് മൊറോക്കോയുടെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്.
50-ാം മിനിട്ടില്‍ മദാനി ദോഹയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്. 62-ാം മിനിട്ടിലാണ് യാസ്‌മിന്‍ സൗഹിര്‍ വല കുലുക്കിയത്. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ ദ്യേന ചെറിഫ് ഗോള്‍ പട്ടിക തികച്ചു.
ഈ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യമത്സരത്തില്‍ യുഎസിനോട് ഇന്ത്യ ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഗ്രൂപ്പ് എയില്‍ നിലവില്‍ അവസാന സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശക്തരായ ബ്രസീലാണ് ഇന്ത്യയുടെ എതിരാളി. ഒക്‌ടോബര്‍ 17നാണ് ഈ മത്സരം.