ലണ്ടന്‍ : ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ഷണം നിരസിച്ച് എവർട്ടൺ ആരാധകൻ. എവര്‍ട്ടണ്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരശേഷം ക്രിസ്റ്റ്യാനോ ഫോണ്‍ തകര്‍ത്ത 14കാരനും കുടുംബവുമാണ് സൂപ്പര്‍ താരത്തിന്‍റെ ക്ഷണം നിരസിച്ചത്.
അപ്റ്റണില്‍ നിന്നുള്ള സാറ കെല്ലിയുടെ 14കാരനായ മകന്‍ ജെയ്‌ക് ഹാര്‍ഡിങ്ങാണ് റൊണാള്‍ഡോയുടെ ''ആക്രമണത്തിന്'' ഇരയായത്. ഗുഡിസന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡിന്‍റെ തോല്‍വിക്ക് പിന്നാലെയാണ് സൂപ്പര്‍ താരം അതിരുവിട്ടത്. ടണലിലേക്ക് നീങ്ങുന്നതിനിടെയാണ് ആരാധകന്‍റെ ഫോണ്‍ റൊണാള്‍ഡോ തട്ടിത്തെറിപ്പിച്ചത്.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ക്ഷമാപണവുമായി താരം രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ നിരാശയില്‍ ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എല്ലാവര്‍ക്കും മാതൃകയാവേണ്ട താന്‍ ഇത്തരത്തില്‍ പെരുമാറരുതായിരുന്നുവെന്നുമായിരുന്നു റോണോയുടെ ക്ഷമാപണം. ഇതിനൊപ്പം യുണൈറ്റഡിന്‍റെ അടുത്ത മത്സരം കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ആരാധകനെ ക്ഷണിക്കുന്നതായും താരം പറഞ്ഞിരുന്നു.
ആരോടും കടപ്പെടാനാവില്ല : എന്നാല്‍ യുണൈറ്റഡിന്‍റെ പ്രതിനിധി കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ക്ലബ് കാര്യങ്ങള്‍ കൈകാര്യം ചെയ്‌ത രീതിയില്‍ തങ്ങള്‍ക്ക് മതിപ്പില്ലെന്നും സാറ കെല്ലി ലിവർപൂൾ എക്കോയോട് പറഞ്ഞു. "ഓട്ടിസ്റ്റിക് ആയ തന്‍റെ മകന്‍ ഒരു ഫുട്ബോളറാല്‍ ആക്രമിക്കപ്പെട്ടു എന്നാണ് ഒരമ്മ എന്ന രീതിയില്‍ സംഭവത്തെ കാണുന്നത്.
ആരെങ്കിലും അവനെ തെരുവില്‍ അക്രമിക്കുകയും, ശേഷം അത്താഴത്തിന് വരാൻ ആവശ്യപ്പെടുകയും ചെയ്താല്‍ ഞങ്ങള്‍ അത് ചെയ്യില്ല. ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയതുകൊണ്ട് മാത്രം, ഞങ്ങൾ എന്തിന് അത് ചെയ്യണം? ഇത് ഞങ്ങൾ അവനോട് കടപ്പെട്ടിരിക്കുന്നത് പോലെയാണ്. എന്നോട് ക്ഷമിക്കണം '' - അവര്‍ പറഞ്ഞു.
അവന് റൊണാള്‍ഡോയെ കാണണ്ട : മകന് ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് പോകാനും റൊണാള്‍ഡോയെ കാണാനും ആഗ്രഹമില്ലാത്തതിനാലാണ് ഓഫർ നിരസിക്കുന്നതെന്നും അവര്‍ പറഞ്ഞു. ''ഇതെന്‍റെ വാക്കുകളല്ല. എല്ലാം എന്‍റെ മകന്‍റെ വാക്കുകളാണ്. ആത്യന്തികമായി, അതാണെല്ലാം.
also read: Video | കളിക്കാരന് നോമ്പ് തുറക്കാൻ മത്സരം നിർത്തി റഫറി ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഇതെന്നെ ബാധിച്ചതിനേക്കാൾ കൂടുതൽ അവനെയാണ് ബാധിച്ചത്. അതിനാൽ തീരുമാനം അവന് വിട്ടിരിക്കുകയാണ്. അവന് യുണൈറ്റഡിലേക്ക് പോകണ്ട, അവന് റൊണാൾഡോയെ കാണേണ്ട. നിലവില്‍ എല്ലാം പൊലീസിന്‍റെ കയ്യിലാണെന്നാണ് ഇപ്പോൾ പറയാനുള്ളത്" - അവര്‍ വ്യക്തമാക്കി.