ഓള്‍ഡ്‌ട്രഫോര്‍ഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ നിന്നും ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍വി വഴങ്ങിയതാണ് സ്‌പാനിഷ് വമ്പന്മാര്‍ക്ക് തിരിച്ചടിയായത്. ബാഴ്‌സയുടെ തട്ടകമായ നൗക്യാമ്പില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു സംഘങ്ങളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ 3-4 എന്ന അഗ്രിഗേറ്റ് സ്കോറിന് യുണൈറ്റഡ് ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്‌തു.
സ്വന്തം തട്ടകമായ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു യുണൈറ്റഡിന്‍റെ തിരിച്ചുവരവ്. ബ്രസീല്‍ താരങ്ങളായ ഫ്രെഡും ആന്‍റണിയുമാണ് യുണൈറ്റഡിനായി ഗോളടിച്ചത്. റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടത്.
ആദ്യ പാദ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് യുണൈറ്റഡ് ഓള്‍ഡ്‌ട്രഫോര്‍ഡില്‍ കളിക്കാനിറങ്ങിയത്. ലിസാൻഡ്രോ മാർട്ടിനെസ് ആദ്യ ഇലവനിലെത്തിയപ്പോള്‍ ടൈറൽ പുറത്തായി. മറുവശത്ത് നാല് മാറ്റങ്ങളാണ് ബാഴ്‌സ നിരയിലുണ്ടായിരുന്നത്. പരിക്കേറ്റ ഗാവി, പെഡ്രി, മാർക്കോസ് അലോൻസോ, ജോർഡി ആൽബ എന്നിവരെ നഷ്‌ടമായ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, അലജാൻഡ്രോ ബാൽഡെ, സെർജി റോബർട്ടോ എന്നിവരാണ് ഇടം നേടിയത്.
മത്സരത്തിന്‍റെ 18ാം മിനിട്ടില്‍ തന്നെ ലെവൻഡോവ്സ്‌കി ബാഴ്‌സയെ മുന്നിലെത്തിച്ചിരുന്നു. അലജാന്ദ്രോ ബാൾഡെയെ യുണൈറ്റഡ് ബോക്‌സില്‍ ബ്രൂണോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് പോളിഷ് താരത്തിന്‍റെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുണൈറ്റഡിന്‍റെ ഒപ്പമെത്തി. 47ാം മിനിട്ടില്‍ ഫ്രെഡാണ് ആതിഥേയര്‍ക്കായി ഗോളടിച്ചത്. ബ്രൂണോ ഫെർണാണ്ടസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
തുടര്‍ന്ന് 73ാം മിനിട്ടില്‍ പകരക്കാരന്‍ ആന്‍റണിയാണ് യുണൈറ്റഡിന്‍റെ വിജയ ഗോള്‍ കണ്ടെത്തിയത്. തിരിച്ചടിക്കാന്‍ ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉലയാതെ നില്‍ക്കുകയായിരുന്നു. മത്സരത്തിന്‍റെ 58 ശമതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയത് ബാഴ്‌സയാണ്.
ALSO READ: അടിതെറ്റി ഇംഗ്ലീഷ് വമ്പന്‍മാര്‍; ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ തോല്‍വി മാത്രം