ബാഴ്‌സലോണ: വമ്പന്മാരായ ബാര്‍സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള യൂറോപ്പ ലീഗ് ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടം സമനിലയില്‍. രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. ബാഴ്‌സയുടെ തട്ടകമായ നൗക്യാമ്പില്‍ നടന്ന മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
ബാഴ്‌സയ്‌ക്കായി മാർകോ അലൻസോ, റാഫിഞ്ഞ എന്നിവര്‍ ഗോളടിച്ചു. മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഗോളിന് പുറമെ യൂള്‍സ് കുണ്ടെയുടെ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന്‍റെ പട്ടികയിലുള്ളത്. 50ാം മിനിട്ടില്‍ അലൻസോയിലൂടെ ബാഴ്‌സയാണ് ആദ്യം ഗോളടിച്ചത്.
ഒരു കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഈ ഗോളിന്‍റെ വരവ്. റാഫിഞ്ഞയുടെ കിക്കില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് അലൻസോ പന്ത് വലയിലെത്തിച്ചത്. രണ്ട് മിനിട്ടുകള്‍ക്കകം റാഷ്‌ഫോർഡിലൂടെ യുണൈറ്റഡിന്‍റെ മറുപടിവന്നു. 52ാം മിനിട്ടില്‍ ഫ്രെഡിന്‍റെ പാസില്‍ നിന്നായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.
എന്നാല്‍ 59ാം മിനിട്ടില്‍ കൂണ്ടെ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡ് മുന്നിലെത്തി. ബാഴ്‌സ ബോക്‌സിലെ കൂട്ടപ്പൊരിച്ചിനൊടുവില്‍ കൂണ്ടെയുടെ ദേഹത്ത് തട്ടിയ പന്ത് ഗോളാവുകയായിരുന്നു. തുടര്‍ന്ന് 76ാം മിനിട്ടിലാണ് ബാഴ്‌സയുടെ സമനില ഗോള്‍ വന്നത്.
റാഫിഞ്ഞയ്‌ക്ക് വഴിയൊരുക്കിയ കൂണ്ടെയുടെ പ്രായശ്ചിത്തമായിരുന്നുവിത്. രണ്ടാം പാദ മത്സരം യുണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ ഫെബ്രുവരി 24ന് നടക്കും.