ലണ്ടന്‍: ലോകത്തിലെ മികച്ച മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലൻഡ്. പോളിഷ് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ലോകത്തെ മികച്ച ഫുട്‌ബോള്‍ താരമെന്നാണ് ഹാലൻഡ് പറയുന്നത്.
ഹാലൻഡിന്‍റെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫ്രഞ്ച് താരം കരിം ബെന്‍സിമയും, അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസിയും ഇടം കണ്ടെത്തിയപ്പോള്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായി. ഒരു മാധ്യമത്തിന്‍റെ ചോദ്യത്തോടാണ് ബൊറൂസിയ ഡോട്ട്‌മുണ്ട് താരത്തിന്‍റെ പ്രതികരണം. "അതൊരു നല്ല ചോദ്യമാണ്, ലെവൻഡോവ്സ്കിയാണ് നമ്പർ വൺ എന്നാണ് ഞാന്‍ പറയുക.
എന്നെ സംബന്ധിച്ചിടത്തോളം ബെൻസിമയും അതിശയകരമായിരുന്നു, പക്ഷേ മെസിയും മികച്ചുനിൽക്കുന്നു.അതിനാൽ ബെൻസിമയും മെസിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്." എര്‍ലിങ് ഹാളണ്ട് പറഞ്ഞു.
also read:'ഒരു ചെറിയ ഇടവേള എടുക്കൂ, ശേഷം രാജാവിനെപ്പോലെ മടങ്ങിവരൂ'; കോലിക്ക് ഉപദേശവുമായി രവി ശാസ്‌ത്രി
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി ഡോട്ട്‌മുണ്ടില്‍ മിന്നുന്ന പ്രകടനമാണ് ഹാലൻഡ് നടത്തുന്നത്. 79 മത്സരങ്ങളിൽ നിന്ന് 80 സ്ട്രൈക്കുകള്‍ നടത്തിയ 21കാരന്‍ ലോകത്തിലെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് പേരുചേര്‍ക്കുകയാണ്.