ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ നാണംകെട്ട തോൽവികളോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ സീസണ്‍ ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ ബ്രൈട്ടണോട് 2-1ന് കീഴങ്ങിയ സംഘം രണ്ടാം മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് തോറ്റത്. സീസണില്‍ ആദ്യ ജയത്തിനായി ലിവര്‍പൂളിനെയാണ് ഇനി യുണൈറ്റഡിന് നേരിടാനുള്ളത്.
ഫുള്‍ഹാമിനെതിരെയും ക്രിസ്റ്റല്‍ പാലസിനെതിരെയും സമനില വഴങ്ങിയാണ് ലിവര്‍പൂളെത്തുന്നത്. ലിവര്‍പൂളിനെതിരെ യുണൈറ്റഡിന് ജയം നേടണമെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മാർക്കസ് റാഷ്‌ഫോർഡിനെയും ടീമില്‍ നിന്ന് പുറത്തിരുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്ലബ്ബിന്‍റെ ഇതിഹാസ താരം വെയ്ൻ റൂണി.
ടീമിനായി ഹൃദയം നിറഞ്ഞ് കളിക്കുന്നവരെയാണ് ആവശ്യമെന്നും റൊണാൾഡോയോ, റാഷ്‌ഫോർഡോ അത് നൽകുന്നില്ലെന്നും റൂണി പറയുന്നു. റൊണാൾഡോയെ യുണൈറ്റഡ് അമിതമായി ആശ്രയിക്കുന്നു. ടീമിനൊപ്പം കൂടുതൽ പരിശീലനം നേടാത്ത താരത്തിന് മത്സരത്തിന് സജ്ജമാവാന്‍ സമയം ആവശ്യമാണെന്ന് തോന്നുന്നതായും റൂണി വ്യക്തമാക്കി.
യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയുന്ന ക്ലബ്ബിലേക്ക് മാറാൻ റൊണാൾഡോ ശ്രമിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് റൂണിയുടെ പ്രതികരണം. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടായിട്ടില്ല.
കഴിഞ്ഞ വർഷം യൂറോ കപ്പിന്‍റെ ഫൈനലിൽ കളിച്ചതിന് ശേഷം മോശം ഫോമിലാണ് മാർക്കസ് റാഷ്‌ഫോർഡ്. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിലെ സ്ഥാനം താരത്തിന് നഷ്‌ടമായിരുന്നു. ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജിയുമായി താരത്തെ ബന്ധിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ എറിക് ടെന്‍ ഹാഗിന്‍റെ സംഘം പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തുന്നത്. ഓഗസ്റ്റ് 23ന് അര്‍ധരാത്രി 12.30നാണ് യുണൈറ്റഡ്-ലിവര്‍പൂള്‍ മത്സരം.