മാഞ്ചസ്റ്റർ : ഡച്ച് ലീഗ് സീസൺ പൂർത്തിയായതിനുപിന്നാലെ തന്നെ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരുമെന്ന് നിലവിൽ അയാക്‌സ് പരിശീലകനായ എറിക് ടെൻ ഹാഗ്. ഒരുപാട് കാര്യങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെയ്‌തുതീർക്കാനുള്ളതുകൊണ്ടാണ് ഒഴിവുദിവസങ്ങൾ പോലും എടുക്കാതെ ഇംഗ്ലണ്ടിലേക്ക് എത്തുന്നതെന്നും ടെൻ ഹാഗ് പറഞ്ഞു. ആഴ്‌ചകൾക്ക് മുൻപുതന്നെ താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്കിനു പകരം അടുത്ത സീസണിൽ എറിക് ടെൻ ഹാഗ് ടീമിന്‍റെ ചുമതല ഏറ്റെടുക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപനം നടത്തിയിരുന്നു.
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്ററിലെത്തിയാൽ ആദ്യം തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കൂടിക്കാഴ്‌ച നടത്തുമെന്നുെം റിപ്പോർട്ടുകളുണ്ട്. മാഞ്ചസ്റ്ററിൽ റൊണാൾഡോയെ നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ക്ലബ്ബിലെ പ്രധാനപ്പെട്ട താരമാണെന്നും ടെൻ ഹാഗ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ടെൻ ഹാഗിനൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുക ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും പറഞ്ഞിരുന്നു.
"ഞാൻ വളരെ വേഗത്തിൽ തന്നെ ഇടം മാറുകയാണ്. അത് വളരെ അത്യാവശ്യമാണ്. കാരണം ഒരുപാട് കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. ഡച്ച് സീസൺ പൂർത്തിയായതിനുപിന്നാലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടക്കം കുറിക്കാനുള്ള ഊർജ്ജം എനിക്കുണ്ട്." വിറ്റസെക്കെതിരെ നടന്ന അവസാനത്തെ ഡച്ച് ലീഗ് മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് ടെൻ ഹാഗ് പറഞ്ഞു.
കഴിഞ്ഞ കുറെ സീസണുകളായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടിയിട്ടില്ല എന്നിരിക്കെ ടെൻ ഹാഗിന്‍റെ വരവിനെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമ്പോൾ നിരാശയിൽ നിൽക്കുന്ന ഒരു ടീമിനെ ഉയർത്തിയെടുക്കുക എന്ന വലിയ ഉത്തരവാദിത്വം ടെൻ ഹാഗിനു മുന്നിലുണ്ട്. അതിനദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകർ അടുത്ത സീസണിൽ ഏതൊക്കെ താരങ്ങളാണ് ടീമിലെത്തുകയെന്നും ഉറ്റു നോക്കുന്നു.