ഇസ്‌താംബുള്‍ : ചാമ്പ്യന്‍സ് ലീഗില്‍ (Champions League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) നോക്ക് ഔട്ട് മോഹങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ ഇനി ഒരു മത്സരം മാത്രം ശേഷിക്കെ എ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് നിലവില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Champions League Group A Points Table). അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരോ ജയവും സമനിലയും മാത്രമാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് നേടാനായത് (Manchester United In UCL 2023-24).
അത്ഭുതങ്ങള്‍ നടന്നാല്‍ മാത്രമായിരിക്കും ഇനി യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുന്നത്. നോക്ക് ഔട്ട് പ്രതീക്ഷ് നിലനിര്‍ത്താന്‍ അവര്‍ക്ക് അവസാന മത്സരത്തില്‍ ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കൊപ്പെന്‍ഹേഗന്‍ ഗലാറ്റസറെ മത്സരം സമനിലയിലും കലാശിക്കണം.
അവസാന മത്സരത്തില്‍ തുര്‍ക്കി ക്ലബ് ഗലാറ്റസറെയോട് സമനില വഴങ്ങിയതാണ് യുണൈറ്റഡിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ (നവംബര്‍ 29) രാംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഗലാറ്റസറെയോട് മൂന്ന് ഗോളിന്‍റെ സമനിലയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. 3-1 എന്ന നിലയില്‍ മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നത്.
ചാമ്പ്യന്‍സ് ലീഗിലെ അതിനിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് യുണൈറ്റഡ് ആരാധകര്‍ ഉന്നയിക്കുന്നത്. ഒനാനയുടെ പിഴവുകളാണ് മത്സരഫലം സമനിലയിലാക്കിയത് എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍, ആരാധകര്‍ വിമര്‍ശനം തുടരുമ്പോഴും ഒനാനയെ പിന്തുണച്ചാണ് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് രംഗത്തെത്തിയത് (Erik Ten Hag Backs Andre Onana).
ടീമിന്‍റെ പരാജയത്തെ ഒരു താരത്തിന്‍റെ മാത്രം പിഴവായി കാണാന്‍ സാധിക്കില്ലെന്ന് ടെന്‍ ഹാഗ് അഭിപ്രായപ്പെട്ടു. ഗലാറ്റസറെയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ രണ്ട് ഗോളും നേടിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. ഇതിന് ശേഷം ലഭിച്ച ഫ്രീ കിക്കിലൂടെ ഹക്കിം സിയേച് ഗലാറ്റസറെയ്‌ക്കായി ആദ്യ ഗോള്‍ കണ്ടെത്തി.
തുടര്‍ന്ന് രണ്ടാം പകുതിയിലും ഒരു ഗോള്‍ നേടി യുണൈറ്റഡ് ലീഡ് ഉയര്‍ത്തിയിരുന്നു. പിന്നാലെ വീണ്ടും സിയേചിന്‍റെ ഫീ കിക്ക് ഒനാനയ്‌ക്ക് തട്ടിയകറ്റാന്‍ സാധിച്ചില്ല. ഒടുവില്‍ മത്സരത്തിന്‍റെ 71-ാം മിനിറ്റില്‍ അക്റ്റര്‍ഗൊലു ഗലാറ്റസറെയുടെ സമനില ഗോളും കണ്ടെത്തുകയായിരുന്നു.
'ഒനാനയുടെ പ്രകടനത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഫുട്‌ബോള്‍ എന്നത് ഒരു വ്യക്തിയുടെ പ്രകടനത്തെ മാത്രം ആശ്രയിച്ചുള്ള ഗെയിമല്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. വ്യക്തികള്‍ വരുത്തുന്ന പിഴവുകള്‍ ഒരു മാറ്റമുണ്ടാക്കുമെന്നത് ഉറപ്പാണ്. എങ്കിലും അതിന്‍റെ ഉത്തരവാദിത്തം എപ്പോഴും ടീമിനുമായിരിക്കും'- ടെന്‍ ഹാഗ് അഭിപ്രായപ്പെട്ടു.
Read More : ലീഡ് പിടിച്ച കളി കൈവിട്ടു, ഗലാറ്റസറെയോട് സമനില; ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ച്സ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി