ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം അവസാന ദിനത്തിലേക്ക്. ഇന്ന് സതാംപ്‌ടണെ തോല്‍പ്പിച്ച ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം ഒന്നാക്കി കുറച്ചു. ഇതോടെ അവസാന റൗണ്ട് മത്സര ഫലമാവും ലീഗ് ജേതാവിനെ നിശ്ചയിക്കുക.
സതാംപ്‌ടണെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ച് കയറിയത്. മുഹമ്മദ് സലായുള്‍പ്പെടെയുള്ള പ്രധാന താരങ്ങളെ പുറത്തിരുത്തി ഒമ്പത് മാറ്റങ്ങളോടെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിന്‍റെ 13ാം മിനിട്ടില്‍ തന്നെ വമ്പന്മാരെ സതാംപ്‌ടണ്‍ ഞെട്ടിച്ചു.
ഒരു കൗണ്ടര്‍ അറ്റാക്കില്‍ നഥാന്‍ റഡ്‌മോണ്ടാണ് സംഘത്തിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ 27ാമം മുനിട്ടില്‍ തകുമി മിനാമിനോയിലൂടെ ലിവര്‍പൂള്‍ ഒപ്പം പിടിച്ചു. ജോടയുടെ പാസില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്.
സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 67ാം മിനിട്ടിലാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ ജോയല്‍ മാറ്റിപിന്‍റെ ഹെഡറാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശം വെച്ച ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തി.
വിജയത്തോടെ ലിവര്‍പൂളിന് 37 മത്സരങ്ങളില്‍ നിന്ന് 89 പോയിന്‍റായി. 37 മത്സരങ്ങളില്‍ നിന്ന് 90 പോയിന്‍റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതുള്ളത്. അവസാന റൗണ്ട് മത്സരത്തില്‍ ലിവര്‍പൂളിന് വോള്‍വ്‌സും, സിറ്റിക്ക് ആസ്റ്റണ്‍ വില്ലയുമാണ് എതിരാളി.
also read: എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ ; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി
മേയ് 22നാണ് ഈ മത്സരങ്ങള്‍ നടക്കുക. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ സിറ്റി ജയിക്കാതിരിക്കുകയും, എന്നാല്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വോള്‍വ്‌സിനെ കീഴടക്കുകയും ചെയ്‌താല്‍ ലിവര്‍പൂളിന് കിരീടം നേടാം.