മാഞ്ചസ്റ്റര്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമര്‍ശനങ്ങളില്‍ ആദ്യ പ്രതികരണവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്രിസ്റ്റ്യാനോയുടെ അഭിമുഖത്തിന്‍റേതായി പുറത്തെത്തിയ ഏതാനും ഭാഗങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അഭിമുഖം പൂര്‍ണമായും സംപ്രേഷണം ചെയ്യപ്പെട്ടതിന് ശേഷം മുഴുവൻ വസ്‌തുതകളും പരിഗണിച്ചാവും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണമെന്നും യുണൈറ്റഡ് പ്രസ്‌താവനയില്‍ അറിയിച്ചു.
നിലവില്‍ സീസണിന്‍റെ രണ്ടാം പകുതിക്ക് തയ്യാറെടുക്കുന്നതിലും കളിക്കാർ, മാനേജർ, സ്റ്റാഫ്, ആരാധകർ എന്നിവർക്കിടയിൽ ഊർജവും വിശ്വാസവും കൂട്ടായ്‌മയും നിലനിര്‍ത്തുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നും ക്ലബ് വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു.
അഭിമുഖത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നതെങ്കിലും സൂപ്പര്‍ താരത്തിന്‍റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായി. പരിശീലകന്‍ എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നു. തന്നെ ബഹുമാനിക്കാത്ത എറിക് ടെന്‍ ഹാഗിനോട് തനിക്കും ബഹുമാനമില്ലെന്നും താരം പറഞ്ഞു.
2013ൽ മാനേജർ അലക്‌സ് ഫെർഗൂസന്‍റെ വിടവാങ്ങലിന് ശേഷം യുണൈറ്റഡ് ഒരു ക്ലബായി മുന്നേറിയിട്ടില്ല. ഫെർഗൂസന്‍ ആവശ്യപ്പെട്ടതിനാലാണ് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ ക്ലബിന് തന്നെ ആവശ്യമില്ല. യുണൈറ്റഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍.
also read: യുണൈറ്റഡില്‍ വഞ്ചിക്കപ്പെട്ടു, എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ