ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇരട്ട നേട്ടം. സെപ്റ്റംബറിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്ട്രൈക്കര്‍ മാർക്കസ് റാഷ്ഫോർഡും മികച്ച പരിശീലകനുള്ള പുരസ്‌കാരം എറിക് ടെന്‍ഹാഗും സ്വന്തമാക്കി. സെപ്റ്റംബറില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളും രണ്ട് അസിസ്‌റ്റുമാണ് റാഷ്ഫോർഡ് നേടിയത്.
ആഴ്‌സണലിനെതിരായ മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ താരം യുണൈറ്റഡിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിൻ ഡി ബ്രുയിൻ, ടോട്ടനം താരം പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് 24കാരനായ റാഷ്‌ഫോര്‍ഡിന്‍റെ പുരസ്‌കാര നേട്ടം. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് റാഷ്ഫോർഡ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്നത്.
ലീഗിലെ മോശം തുടക്കത്തിന് ശേഷം യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചതാണ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് തുണയായത്. ഒരു ഘട്ടത്തില്‍ ലീഗില്‍ അവസാന സ്ഥാനത്തായിരുന്ന യുണൈറ്റഡ് നാല് തുടര്‍ വിജയങ്ങളോടെയാണ് പോയിന്‍റ് ടേബിളില്‍ മുന്നേറിയത്.
ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെർഗൂസന്‍ വിരമിച്ചതിന് ശേഷം പ്രസ്‌തുത പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം യുണൈറ്റഡ് പരിശീലകനാണ് എറിക് ടെൻ ഹാഗ്. 2019 ജനുവരിയിൽ ഒലെ ഗുണ്ണാർ സോൾഷ്യറും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
also read: എങ്ങനെ സിറ്റിയിലെത്തി?; കഥ പറഞ്ഞ് "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ"