ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പൻമാരായ ലിവർപൂളിനും ചെല്‍സിക്കും ജയം. ക്രിസ്റ്റല്‍ പാലസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവർപൂൾ ജയം പിടിച്ചപ്പോള്‍ ചെല്‍സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ കീഴടക്കി.
ക്രിസ്റ്റല്‍ പാലസിനെതിരെ മത്സരത്തിന്‍റെ എട്ടാം മിനിട്ടില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. വിര്‍ജില്‍ വാന്‍ഡെയ്‌ക്കാണ് തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയത്. 32ാം മിനിട്ടില്‍ അലക്‌സ് ചെംബെര്‍ലെയിന്‍ ലീഡുയര്‍ത്തി.
55ാം മിനിട്ടില്‍ എഡ്വാര്‍ഡിലൂടെ ക്രിസ്റ്റല്‍ പാലസ് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 89ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട ഫബീഞ്ഞോ ലിവര്‍പൂളിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ലീഗില്‍ ലിവര്‍പൂളിന്‍റെ 14ാമത്തെ ജയമാണിത്. 22 മത്സരങ്ങളില്‍ നിന്നും 48 പോയിന്‍റുള്ള സംഘം രണ്ടാം സ്ഥാനത്താണ്. അതേസമയം ക്രിസ്റ്റല്‍ പാലസ് 13ാം സ്ഥാനത്താണ്. 22 മത്സരങ്ങളില്‍ 24 പോയിന്‍റാണ് അവര്‍ക്കുള്ളത്.
ടോട്ടനത്തിനെതിരെ ചെല്‍സി
ടോട്ടനത്തിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ചെല്‍സി മത്സരം പിടിച്ചത്. കളിയുടെ 65 ശതമാനവും പന്ത് കൈവശം വെച്ചത് ചെല്‍സിയാണ്. 47ാം മിനിട്ടില്‍ ഹക്കിം സിയെച്ചും 55ാം മിനിട്ടില്‍ തിയാഗോ സില്‍വയുമാണ് ചെല്‍സിക്കായി ഗോള്‍ കണ്ടെത്തിയത്.
ലീഗില്‍ ചെല്‍സിയുടെ 13ാമത്തെ വിജയമാണിത്. 24 മത്സരങ്ങളില്‍ നിന്നും 47 പോയിന്‍റുള്ള സംഘം മൂന്നാം സ്ഥാനത്താണ്. അതേസമയം 20 മത്സരങ്ങളില്‍ 36 പോയിന്‍റുള്ള ടോട്ടനം 7ാം സ്ഥാനത്താണ്.
ആഴ്‌സണലിന് ബേണ്‍ലിയുടെ കുരുക്ക്
ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ബേണ്‍ലിക്കെതിരെ സമനില വഴങ്ങി. ഇരുടീമിനും ഗോള്‍ നേടാനായില്ല. മത്സരത്തിന്‍റെ 76 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഗോള്‍ കണ്ടെത്താനാവാതെ വന്നതാണ് ആഴ്‌സണലിന് തിരിച്ചടിയായത്.
ഈ വര്‍ഷം ഇതേവരെ ഒരു കളി പോലും ജയിക്കാന്‍ ആഴ്‌സണലിനായിട്ടില്ല. ലീഗില്‍ 21 കളിയില്‍ 36 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ആഴ്‌സണലുള്ളത്. 18 മത്സരങ്ങളില്‍ 12 പോയിന്‍റ് മാത്രമുള്ള ബേണ്‍ലി അവസാന സ്ഥാനത്താണ്.