ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടേറ്റ തോല്‍വിയാണ് ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതൽ തവണ തോൽക്കുന്ന ടീമെന്ന റെക്കോഡും ഇംഗ്ലണ്ടിന്‍റെ തലയിലായി.
ഇത് ഏഴാം തവണയാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ കാലിടറുന്നത്. നേരത്തെ 1954, 1962, 1970, 1986, 2002, 2006 ലോകകപ്പുകളിലാണ് ത്രീ ലയണ്‍സ് ഈ ഘട്ടത്തില്‍ പുറത്തായത്. ലോകകപ്പിലെ നിലവിലെ ജേതാക്കളെ തോൽപ്പിക്കാന്‍ കഴിയില്ലെന്ന ചരിത്രവും ഇംഗ്ലണ്ട് ഇക്കുറിയും ആവര്‍ത്തിച്ചു. 1954ൽ ചാമ്പ്യന്മാരായ യുറുഗ്വേയോടും 1962ൽ ബ്രസീലിനോടും ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ തോറ്റിരുന്നു.
മത്സരത്തില്‍ ഫ്രഞ്ച് ടീമിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്നും നേടി. മത്സരത്തിന്‍റെ അവസാന മിനിട്ടുകളില്‍ പെനാറ്റിയിലൂടെ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ കിക്കെടുത്ത ഹാരി കെയ്ന് പിഴച്ചത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
അതേസയം ഈ മത്സരം പൂര്‍ത്തിയായതോടെ ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനൽ ലൈനപ്പായി. കഴിഞ്ഞ ലോകകപ്പില്‍ അവസാന നാലിലെത്തിയ മുഴുവന്‍ ടീമുകളും യൂറോപ്പില്‍ നിന്നായിരുന്നു. എന്നാല്‍ ഇക്കുറി രണ്ട് യൂറോപ്യന്‍ ടീമുകളും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി ഓരോ ടീമുമാണ് അവസാന നാലിലെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയിൽ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് എതിരാളി. വ്യാഴാഴ്‌ച പുലര്‍ച്ചെ 12.30ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമി കളിക്കുന്നത്.