ലണ്ടന്‍: അര്‍ജന്‍റൈന്‍ ഇതിഹാസ താരം ഡീഗോ മറഡോണ ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോള്‍ നേടിയ പന്ത് ലേലത്തിന്. ലണ്ടൻ ആസ്ഥാനമായുള്ള ഗ്രഹാം ബഡ് ഓക്‌ഷന്‍സ് എന്ന കമ്പനിയാണ് പന്ത് ലേലത്തിന് വച്ചിരിക്കുന്നത്. ലേലം നവംബർ 16നാണ് ആരംഭിക്കുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബർ 28 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാനാവും. 2.5 ദശലക്ഷം യൂറോ മുതല്‍ 3 ദശലക്ഷം യൂറോ വരെയുള്ള വിലയില്‍ പന്ത് വില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേലക്കമ്പനി പ്രസ്‌താവനയില്‍ പറഞ്ഞു. പന്തിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം വളരെ വലുതാണ്. ഇത് ലേലത്തിലെത്തുമ്പോള്‍ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന ഗോള്‍ പിറന്നത്. മെക്സിക്കോ സിറ്റിയിലെ അസ്റ്റിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ കൈ ഉപയോഗിച്ചായിരുന്നു മറഡോണ ഗോള്‍ നേടിയത്. ഈ മത്സരത്തില്‍ തന്നെ ‘നൂറ്റാണ്ടിന്‍റെ ഗോൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോളും മറഡോണ നേടിയിരുന്നു.
66 വാര അകലെ നിന്നും അഞ്ച് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് ഗോളിയെയും മറികടന്നായിരുന്നു ഈ ഗോള്‍ നേട്ടം. മത്സരത്തില്‍ 2-1ന് വിജയിച്ച് മുന്നേറ്റം ഉറപ്പിച്ച അര്‍ജന്‍റീന ഈ വര്‍ഷം ലോകകപ്പും ഉയര്‍ത്തിയിരുന്നു. 'കുറച്ച് മറഡോണയുടെ തലകൊണ്ടും, കുറച്ച് ദൈവത്തിന്‍റെ കൈകൊണ്ടും' എന്നായിരുന്നു വിവാദ ഗോളിനെക്കുറിച്ച് മറഡോണ പിന്നീട് പ്രതികരിച്ചത്.