ന്യൂഡല്‍ഹി: കോമൺവെൽത്ത് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, പൂജ സിഹാഗ്, പൂജ ഗെഹ്‌ലോട്ട് എന്നിവർക്ക് ഡൽഹി വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് പുറത്ത് നിരവധിപേരെത്തിയിരുന്നു. എല്ലാ തരത്തിലുള്ള പിന്തുണയ്‌ക്കും സ്‌നേഹത്തിനും രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി സാക്ഷി മാലിക് പറഞ്ഞു.
ബര്‍മിങ്‌ഹാമില്‍ വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയ താരമാണ് സാക്ഷി. രാജ്യത്തിനായ മെഡല്‍ നേടുകയെന്നത് വലിയ വികാരമാണ്. ഒളിമ്പിക്‌സിന് ശേഷമുള്ള തന്‍റെ ആദ്യത്തെ വലിയ മെഡലാണിതെന്നും സാക്ഷി പറഞ്ഞു.
ഒരു മെഡലുമായി നാട്ടിലേക്ക് തിരിച്ചെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വെങ്കല മെഡല്‍ ജേതാവായ പൂജ സിഹാഗ് പറഞ്ഞു. വിജയത്തിന്‍റെ ക്രെഡിറ്റ് തന്‍റെ പരിശീലകന് നല്‍കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. വനിതകളുടെ 76 കിലോ ഗുസ്തിയിലാണ് താരം വെങ്കല മെഡല്‍ നേടിയത്.
തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് എല്ലാ ഇന്ത്യാക്കാര്‍ക്കുമുള്ളതാണെന്നാണ് പൂജ ഗെഹ്‌ലോട്ട് പ്രതികരിച്ചത്. വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തിയിലാണ് പൂജയുടെ മെഡല്‍ നേട്ടം.
അതേസമയം ബര്‍മിങ്‌ഹാമില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനാണ് ഇന്ത്യ ഇക്കുറി പോരാട്ടം അവസാനിപ്പിച്ചത്. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലും അപ്രതീക്ഷിതമായി കിട്ടിയ മെഡൽ നേട്ടം ഇരട്ടി മധുരമായി.
also read: CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി: ആധിപത്യം തുടർന്ന് ഓസ്‌ട്രേലിയ, ഇന്ത്യ നാലാമത്