ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങളായ എല്‍ദോസ് പോളും, അബ്‌ദുല്ല അബൂബക്കറും രാജ്യത്ത് തിരിച്ചെത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് വന്‍ സ്വീകരണം ലഭിച്ചു. ബര്‍മിങ്‌ഹമില്‍ പുരുഷന്മാരുടെ ട്രിപ്പില്‍ എല്‍ദോസ് സ്വര്‍ണം നേടിയപ്പോള്‍ അബ്‌ദുല്ല അബൂബക്കറിന് വെള്ളി നേടാന്‍ കഴിഞ്ഞിരുന്നു.
ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എല്‍ദോസ് പറഞ്ഞു. "ബര്‍മിങ്‌ഹാമില്‍ ദേശീയ ഗാനം കേള്‍പ്പിക്കാനായതിലും, ട്രിപ്പില്‍ ജമ്പില്‍ ആദ്യത്തെ രണ്ട് അത്‌ലറ്റുകൾ ഇന്ത്യയിൽ നിന്നുള്ളവരായതിലും അഭിമാനം തോന്നി.
ഞങ്ങൾ നേരത്തെ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പ് ഞങ്ങൾക്ക് പ്രയോജനകരമായ ഒരു അനുഭവം നൽകി. നീരജ് ചോപ്രയുടെ സ്വർണം (ടോക്കിയോ 2020 ഒളിമ്പിക്‌സിൽ) നമ്മുടെ അത്‌ലറ്റുകളുടെ മാനസികാവസ്ഥയെ മാറ്റിമറിച്ചു.
നേരത്തെ നമ്മള്‍ നമ്മള്‍ക്ക് തന്നെ ചില പരിമിതികൾ വച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യന്‍ താരങ്ങള്‍ക്ക് മാന്ത്രികതയാര്‍ന്ന പ്രകടനം നടത്താനുള്ള കഴിവുണ്ട്. നമ്മങ്ങൾ കഠിനാധ്വാനം ചെയ്യുകയും നമ്മള്‍ തന്നെ നിശ്ചയിച്ച പരിധികൾ ലംഘിക്കുകയും വേണം." എല്‍ദോസ് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലിനായി പരിശ്രമിക്കുമെന്ന് അബ്ദുല്ല അബൂബക്കര്‍ പറഞ്ഞു. ബര്‍മിങ്‌ഹാമില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയയത്. 17.02 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അബ്ദുല്ലയുടെ വെള്ളി നേട്ടം.
എല്‍ദോസ് തന്‍റെ മൂന്നാം ശ്രമത്തില്‍ സുവര്‍ണദൂരം കണ്ടെത്തിയപ്പോള്‍, അഞ്ചാം ശ്രമത്തിലാണ് അബ്ദുല്ല വെള്ളിയിലേക്ക് കുതിച്ചത്. മത്സരത്തില്‍ 17 മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്. കോമണ്‍വെല്‍ത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം വ്യക്തിഗത ഇനത്തില്‍ സ്വർണം നേടുന്നത്.
also read: കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം