ബര്‍മിങ്‌ഹാം: ട്രാക്കിലും ഫീല്‍ഡിലുമായി ആവേശം നിറഞ്ഞ പോരാട്ടങ്ങള്‍ നിറഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിന് കഴിഞ്ഞ ദിവസമാണ് തിരശീല വീണത്. 72 രാജ്യങ്ങളിലെ കായിക താരങ്ങളാണ് ഗെയിംസില്‍ മാറ്റുരയ്‌ക്കാനെത്തിയത്. എന്നാല്‍ ഇതില്‍ 56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ മെഡല്‍ സ്വന്തമാക്കി ശ്രദ്ധേയമാവുകയാണ് ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മക്കിയോണ്‍.
ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ എട്ട് മെഡലുകളാണ് എമ്മ മക്കിയോണ്‍ നീന്തല്‍കുളത്തില്‍ നിന്നും വാരിയത്. 72ല്‍ 16 രാജ്യങ്ങള്‍ മാത്രമാണ് എട്ടോ അതില്‍ കൂടുതലോ മെഡല്‍ നേടിയതെന്നതും 28കാരിയായ എമ്മയുടെ പ്രകടനത്തിന്‍റെ മാറ്റ് കൂട്ടുന്നു.
നാല് വട്ടം ലോക റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്ത താരത്തിന് 11 ഒളിമ്പിക് മെഡലും നേടാനായിട്ടുണ്ട്. 2016ല്‍ റിയോയിലെ ഒരു സ്വര്‍ണവും 2020ല്‍ ടോക്കിയോയിലെ നാല് സ്വര്‍ണവും ഉള്‍പ്പെടെയാണിത്. അതേസമയം ബര്‍മിങ്‌ഹാമിലും കോമണ്‍വെല്‍ത്ത് ഗെയിംസിലെ തങ്ങളുടെ ആധിപത്യം ഓസ്‌ട്രേലിയ തുടര്‍ന്നു.
178 മെഡലുകള്‍ നേടിയാണ് ഇക്കുറി ഓസ്‌ട്രേലിയ ഒന്നാമത് എത്തിയത്. 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവുമാണ് രാജ്യത്തിന്‍റെ അക്കൗണ്ടിലുള്ളത്. 176 മെഡലുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 57 സ്വര്‍ണവും 66 വെള്ളിയും 53 വെങ്കലുമാണ് രാജ്യത്തിന് നേടാനായത്. 92 മെഡലുകളുമായി കാനഡ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 61 മെഡല്‍ നേടിയ ഇന്ത്യ നാലാമതാണ്.
also read: "നമ്മള്‍ക്ക്, നമ്മള്‍ നിശ്ചയിച്ച പരിധികൾ മറികടക്കണം": എല്‍ദോസ് പോള്‍