ലിസ്‌ബണ്‍: ഖത്തര്‍ ലോകകപ്പില്‍ നിന്നുള്ള പോര്‍ച്ചുഗലിന്‍റെ പുറത്താവല്‍ വേദനിപ്പിക്കുന്നതായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് കരിയറിലെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവുമായിരുന്നുവെന്ന് പറഞ്ഞ താരം ഇത് സാധ്യമാകാതിരുന്നതിലെ ദുഃഖത്തിന്‍റെ ആഴം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
ലോകകപ്പിലെ ഫേവറേറ്റുകളുടെ പട്ടികയിലുണ്ടായിരുന്ന പറങ്കിപ്പട ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ തോല്‍വിയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഖത്തറില്‍ ആദ്യ മത്സരത്തില്‍ ഗോളോടെ തുടങ്ങിയെങ്കിലും ഒടുവില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു 37കാരനായ ക്രിസ്റ്റ്യാനോയുടെ സ്ഥാനം.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ കൂടിയായിരുന്നു ക്രിസ്റ്റ്യാനോ ഖത്തറിലെത്തിയത്. എന്നാല്‍ തിരിച്ച് പോകും മുന്നെ സ്വന്തം ടീമിലും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയാണ് താരത്തിനുണ്ടായിരുന്നത്. ക്രിസ്റ്റ്യാനോയെ പുറത്തിരുത്താനുള്ള പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ തീരുമാനത്തിനെതിരെ പങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ക്രിസ്റ്റ്യാനോയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയാവുകയാണ്. "യാഥാര്‍ഥ്യത്തിന്‍റെ മൂന്ന് വശങ്ങള്‍, വേദന, അനിശ്ചിതത്വം, നിരന്തരമായ ജോലി" എന്നാണ് ക്രിസ്റ്റ്യാനോ സ്റ്റോറിയിട്ടത്. താരത്തിന്‍റെ നിലവിലെ സാഹചര്യത്തിന്‍റെ സമർഥമായ സംഗ്രഹമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച റോണോ നിലവില്‍ ഫ്രീ ഏജന്‍റാണ്. സൗദി അറേബ്യൻ ക്ലബ് അല്‍ നാസര്‍ താരത്തിനായി രംഗത്തുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ഏജന്‍റ് ചില യൂറോപ്യന്‍ ക്ലബുകളുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇനി താരം എവിടേക്കാണ് ചേക്കേറുകയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.