മാഞ്ചസ്റ്റര്‍: ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഔദ്യോഗിക അഭ്യർഥന നടത്തിയതായി റിപ്പോര്‍ട്ട്. ഇഎസ്‌പിഎന്‍ അടക്കമുള്ള വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ താരം 30 ലീഗ് മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ നേടിയിരുന്നു.
എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായിരുന്നില്ല. കൂടാതെ ട്രാൻസ്‌ഫർ മാർക്കറ്റിൽ യുണൈറ്റഡിന് കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കാനാവാത്തതും താരത്തെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതോടെ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുന്ന ക്ലബിലേക്ക് മാറാനാണ് താരം ലക്ഷ്യം വയ്‌ക്കുന്നത്. ചെല്‍സി, ബയേണ്‍, നാപോളി എന്നീ ക്ലബുകള്‍ റൊണാള്‍ഡോയ്‌ക്കായി താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ താരത്തെ ബന്ധപ്പെടുത്തിയ അഭ്യൂഹങ്ങൾ ബയേണ്‍ നിഷേധിച്ചിരുന്നു.
ഇതോടെ റൊണാള്‍ഡോ ചെൽസിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് റൊണാള്‍ഡോ യുണൈറ്റഡില്‍ എത്തിയത്. 2023 ജൂണ്‍ വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്.
യുണൈറ്റഡിലേക്ക് എത്തും മുന്നെ ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിനൊപ്പം മൂന്ന് സീസണ്‍ കളിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ റൊണാള്‍ഡോയ്‌ക്ക് കഴിഞ്ഞിരുന്നില്ല. റയല്‍ മാഡ്രിഡിനൊപ്പം നാല് തവണയും, യുണൈറ്റഡിനൊപ്പം ഒരു തവണയും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞിരുന്നു.
also read: ക്രിസ്റ്റ്യാനോ പോയാല്‍ ഈ സൂപ്പര്‍ താരം ; പിഎസ്‌ജി സ്‌ട്രൈക്കറെ നോട്ടമിട്ട് യുണൈറ്റഡ്