അങ്കാറ : അനേകായിരങ്ങളുടെ ജീവന്‍ കവര്‍ന്ന ഭൂമികുലുക്കത്തിന്‍റെ നടുക്കത്തിലാണ് തുർക്കിയും സിറിയയും. തകര്‍ന്ന് തരിപ്പണമായ ദുരന്ത പ്രദേശങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകുന്നുണ്ട്. ഇക്കൂട്ടത്തില്‍ തുര്‍ക്കി താരം മെറിഹ് ഡെമിറല്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം ഒത്തുചേരുകയാണ് ഫുട്‌ബോളിലെ വമ്പന്‍ പേരുകാര്‍.
ഫുട്‌ബോള്‍ താരങ്ങളുടെ ജഴ്‌സികള്‍ ലേലം ചെയ്‌താണ് ഡെമിറല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, ലയണൽ മെസി, എർലിങ് ഹാലൻഡ്, നെയ്മർ ജൂനിയർ, ഈഡൻ ഹസാർഡ്, കരീം ബെന്‍സിമ, ഹാരി കെയ്‌ന്‍, അന്‍റോയിൻ ഗ്രീസ്‌മാൻ, അൽവാരോ മൊറാട്ട, ഡെജൻ കുലുസെവ്‌സ്‌കി തുടങ്ങി നിരവധി താരങ്ങളാണ് മെറിഹ് ഡെമിറല്‍ നടത്തുന്ന ലേലത്തിലേക്ക് തങ്ങളുടെ ജഴ്‌സി സംഭാവന നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡെമിറൽ ലേലം വഴി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഈ ദിനം തന്നെ റൊണാൾഡോ, ലിയോനാർഡോ ബൊണൂച്ചി, പൗലോ ഡിബാല തുടങ്ങിയ താരങ്ങള്‍ ഡെമിറലിനൊപ്പം ചേര്‍ന്നിരുന്നു. റൊണാൾഡോയുടെ ജഴ്‌സിക്കാണ് ഇതേവരെ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യുവന്‍റസിലായിരിക്കെ താരമണിഞ്ഞ ജഴ്‌സിക്ക് ഏകദേശം 2,12,450 ഡോളര്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ലീഗില്‍ റോണോയ്‌ക്കൊപ്പം പന്ത് തട്ടിയ താരമാണ് ഡെമിറല്‍. ഫെബ്രുവരി ആറിനുണ്ടായ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,4,000 കടന്നിരിക്കുകയാണ്.
ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെയാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടക്കുമെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ വിലയിരുത്തല്‍. തുര്‍ക്കിയിലും സിറിയയിലും റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ, കഹ്‌റാമന്‍സാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.
തുടര്‍ച്ചയായുണ്ടായ മൂന്ന് ഭൂകമ്പങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും നാശം വിതച്ചത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ നിന്ന് പതിനായിരക്കണക്കിനാളുകളെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കിയിലെയും സിറിയയിലെയും മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി 2,00000 യൂറോ നല്‍കുമെന്നാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.