ദോഹ: സൗദി സൂപ്പർ കപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ അൽ നസ്റിന് നിരാശ. സെമിഫൈനലിൽ അൽ ഇത്തിഹാദിനോട് തോല്‍വി വഴങ്ങിയ അല്‍ നസ്‌ര്‍ പുറത്തായി. കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസ്‌റിന്‍റെ തോല്‍വി.
റൊമാരീഞ്ഞോ, അബ്ദുറസാഖ് ഹംദുല്ലാഹ്, മുഹമ്മദ് അൽ ഷങ്കീറ്റി എന്നിവരാണ് അൽ ഇത്തിഹാദിന്‍റെ ഗോളുകൾ നേടിയത്. ആൻഡേഴ്‌സൻ ടാലിസ്‌കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ. ചില സുവര്‍ണാവസരങ്ങള്‍ ലഭിച്ചുവെങ്കിലും 90 മിനിട്ടും കളിച്ച ക്രിസ്റ്റ്യാനോയ്‌ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
മത്സരത്തിന്‍റെ 15ാം മിനിട്ടില്‍ റൊമാരീഞ്ഞോയാണ് ഇത്തിഹാദിന്‍റെ ഗോള്‍ പട്ടിക തുറന്നത്. തുടര്‍ന്ന് 43ാം മിനിട്ടില്‍ അബ്ദുറസാഖ് ലക്ഷ്യം കണ്ടതോടെ സംഘം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ഇത്തിഹാദിന് കഴിഞ്ഞു.
രണ്ടാം പകുതിയില്‍ നാല് മാറ്റങ്ങളുമായി ഇറങ്ങിയ അല്‍ നസ്‌ര്‍ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തു. ഇതോടെ 67ാം മിനിട്ടില്‍ ടാലിസ്കയിലൂടെ ഒരു ഗോള്‍ മടക്കാനും സംഘത്തിന് കഴിഞ്ഞു. എന്നാല്‍ 93ാം മിനിട്ടില്‍ ഷങ്കീറ്റി ഇത്തിഹാദിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം റെക്കോഡ് തുകക്ക് അല്‍ നസ്റിലെത്തിയ ക്രിസ്റ്റ്യനോ സൗദിയില്‍ കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നുവിത്. സൗദി ലീഗിലെ രണ്ട് ക്ലബ്ബുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ സ്റ്റാര്‍ ഇലവന്‍റെ നായകനായി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കെതിരെയായിരുന്നു 37കാരന്‍റെ ആദ്യ മത്സരം.
ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന പിഎസ്‌ജിക്കെതിരെ 5-4ന് ഓള്‍ സ്റ്റാര്‍ ഇലവന്‍ തോറ്റെങ്കിലും ഇരട്ട ഗോളുകളുമായി റോണോ തിളങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് സൗദി പ്രൊലീഗിൽ അൽ ഫത്ത്ഹമായാണ് അൽ നസ്റിന്‍റെ അടുത്ത മത്സരം.