ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനുമെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടു. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യാനോ തുറന്നടിച്ചു.
പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് 37കാരനായ താരം ക്ലബിനും പരിശീലകനുമെതിരെ പരസ്യമായി രംഗത്തെത്തിയത്. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിച്ചു.
''ജനങ്ങള്‍ സത്യമറിയണം. ചില ആളുകൾക്ക് എന്നെ ഇവിടെ ആവശ്യമില്ലെന്ന് തോന്നുന്നു. പരിശീലകന്‍ മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ വഞ്ചിക്കപ്പെട്ടു. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല. എന്നെ ബഹുമാനിക്കാത്തെ ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല", ക്രിസ്റ്റ്യാനോ പറഞ്ഞു.
2013ൽ മാനേജർ അലക്‌സ് ഫെർഗൂസന്‍റെ വിടവാങ്ങലിന് ശേഷം യുണൈറ്റഡ് ഒരു ക്ലബായി മുന്നേറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ അവകാശപ്പെട്ടു. ഫെർഗൂസന്‍ ആവശ്യപ്പെട്ടതിനാലാണ് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ ക്ലബിന് തന്നെ ആവശ്യമില്ല. യുണൈറ്റഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
ഒലെ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയതിന് ശേഷം കഴിഞ്ഞ സീസണിൽ റാൽഫ് റാങ്‌നിക്കിനെ ഇടക്കാല മാനേജരായി നിയമിച്ചതിനെയും താരം വിമർശിച്ചു. "മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ഒരു ക്ലബ് ഓലെയെ (ഒലെ ഗുണ്ണാർ സോൾഷ്യര്‍) പുറത്താക്കിയതെങ്ങനെ എന്നതാണ് രസകരമായ ഒരു കാര്യം.
പകരം ഒരു സ്‌പോർട്ടിങ് ഡയറക്‌ടറായ റാൽഫ് റാങ്‌നിക്കിനെ കൊണ്ടുവന്നു. ഇത് ആർക്കും മനസിലാകുന്നില്ല. ഈ ആൾ ഒരു പരിശീലകൻ പോലുമല്ല. യുണൈറ്റഡ് പോലൊരു വലിയ ക്ലബ് ഒരു സ്‌പോർട്ടിങ് ഡയറക്‌ടറെ പരിശീലകനാക്കിയത് എന്നെ മാത്രമല്ല ലോകത്തെയാകെ അത്ഭുതപ്പെടുത്തി", ക്രിസ്റ്റ്യാനോ പറഞ്ഞു.
also read: 'തല താഴ്ത്തി ജോലി ചെയ്യുക, അതാണ് നല്ലത്'; ക്രിസ്റ്റ്യാനോയ്‌ക്ക് എതിരെ വെയ്ൻ റൂണി