ടോക്കിയോ: കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ ജൂലൈ 23ന് നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങളുടെ എണ്ണം കുറച്ച് ഇന്ത്യയും. 22 അത്‌ലറ്റുകളും 6 ഒഫിഷ്യൽസുകളും അടങ്ങുന്ന 28 അംഗ ടീമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക എന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ദ്രുവ് ബത്ര അറിയച്ചു.
ആറ് തവണ ഇന്ത്യക്കായി ലോക കിരീടം നേടിയ മേരി കോമും, ഇന്ത്യ പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങുമാണ് ഇന്ത്യക്കായി പതാകയേന്തുക. ആർച്ചറി, ജൂഡോ, ബാഡ്മിന്‍റൺ, ഭാരോദ്വഹനം, ടെന്നീസ്, ഹോക്കി, ഷൂട്ടിങ് തുടങ്ങിയ മത്സരങ്ങൾ ആദ്യ ദിനങ്ങളിൽ ഉള്ളതിനാലാണ് മറ്റ് താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത്.
ALSO READ: മെഡൽ കൊയ്യാൻ ഇന്ത്യ; മത്സരങ്ങളുടെ ഷെഡ്യൂള്‍ വിശദമായി...
ബോക്‌സിങ് വിഭാഗത്തിലെ എട്ട് താരങ്ങളെ ഇന്ത്യ ചടങ്ങിലേക്ക് പരിഗണിച്ചപ്പോള്‍ ടേബിള്‍ ടെന്നിസില്‍ നിന്ന് നാല് പേരെയും നീന്തല്‍, ഫെന്‍സിങ്, ജിംനാസ്റ്റിക്‌സ് തുടങ്ങിയവയില്‍ നിന്നെല്ലാം ഓരോ താരങ്ങളുമാകും ഉണ്ടാകുക. റോവിങിൽ നിന്നും രണ്ടും, സെയിലിങ്ങിൽ നിന്ന് നാലും താരങ്ങൾ ഉദ്ഘാടന ചടങ്ങിന് ഉണ്ടാകും. ജൂലൈ 23ന് അമ്പെയ്‌ത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുക.