ടോക്കിയോ: ഒളിമ്പിക്‌സ് ഇനിയും നീട്ടിവെക്കാന്‍ സാധിക്കില്ലെന്ന് ടോക്കിയോ 2020 പ്രസിഡന്‍റ് യോഷിരോ മോറി. നിലവില്‍ കൊവിഡ് 19-നെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സ് ഒരു വർഷത്തോളം നീട്ടിവെച്ചിരിക്കുകയാണ്. 2021 ജൂലൈ 23-ആണ് ഒളിമ്പിക്‌സിന്‍റെ പുതുക്കിയ തീയതി. ഇത് ഇനിയും നീട്ടാന്‍ ഒരു കാരണവശാലും സാധക്കില്ലെന്ന് മോറി പറഞ്ഞു. രണ്ട് വർഷത്തോളം ഗെയിംസ് നീട്ടിവെക്കുക എന്നത് സാങ്കേതികമായ പ്രയാസമാണ്. നേരത്തെ മോറി രണ്ട് വർഷത്തോളം ഗെയിംസ് മാറ്റിവെക്കുന്നതിനെ കുറിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഒരു വർഷത്തേക്ക് ഗെയിംസ് നീട്ടിവെക്കാനാണ് ഷിന്‍സോ ആബെ നിർദ്ദേശിച്ചത്.
അത്‌ലറ്റുകളുടെയും സ്‌പോർട്‌സ് അസോസിയേഷനുകളുടെയും സമ്മർദത്തിന്‍റെ ഫലമായാണ് സംഘാടകരും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ചേർന്ന് ഗെയിംസ് ഒരു വർഷത്തേക്ക് നീട്ടിവെച്ചത്. എന്നാല്‍ ഗെയിംസ് ഒരു വർഷം നീട്ടിവെച്ചാല്‍ മതിയാകുമോ എന്ന ചോദ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് മോറി നിലപാട് വ്യക്തമാക്കിയത്. അതേസമയം ഒരു വർഷം കഴിഞ്ഞ് ഗെയിംസ് നടത്താനുള്ള തീരുമാനത്തിന് എതിരെ ജപ്പാനില്‍ നിന്നുപോലും ഇതിനകം വിമർശനും ഉയരുന്നുണ്ട്. നേരത്തെ ഒളിമ്പിക് കമ്മിറ്റി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവും ജപ്പാനിലുണ്ടായി.