ന്യൂയോര്‍ക്ക്: 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് യുഎസ് വേദിയാകും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും (കോൺമെബോൾ) വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും (കോൺകാഫ്) സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്. ലാറ്റിനമേരിക്കയില്‍ നിന്ന് പത്തുടീമുകളും കോണ്‍കാഫില്‍ നിന്ന് ആറ് ടീമുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.
ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുക. ക്ലബ്, വനിത തലങ്ങളില്‍ ഉള്‍പ്പെടെ ഇരു ഫെഡറേഷനുകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യുഎസിനെ വേദിയായി തെരഞ്ഞെടുത്തത്. ഫുട്ബോളും അതിന്‍റെ മൂല്യങ്ങളും ഏറെ വളരാനും ശക്തിപ്പെടുത്താനും ഇരു സംഘടനകളും ആഗ്രഹിക്കുന്നു. അതിനായി ഇരു ഫെഡറേഷനുകളും ഏറെ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോൺമെബോൾ പ്രസിഡന്‍റ് അലെജാൻഡ്രോ ഡൊമിംഗ്വെസ് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കോപ്പ അമേരിക്ക ഫുട്‌ബോളിന് യുഎസ് വേദിയാവുന്നത്. നേരത്തെ 2016ലാണ് അമേരിക്ക ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിച്ചത്. ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയാണ് നിലവിലെ കോപ്പ ചാമ്പ്യന്മാര്‍.
വിശ്വപ്രസിദ്ധമായ മാറക്കാനയില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്‍റീനയുടെ കിരീടനേട്ടം. ഇതോടെ ടൂര്‍ണമെന്‍റില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള 28 വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു രാജ്യം അവസാനിപ്പിച്ചത്. ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയുടെ വിജയ ഗോള്‍ നേടിയത്.
ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീനയ്‌ക്ക് ഏറെ നിര്‍ണായകമായത് നായകന്‍ ലയണല്‍ മെസിയുടെ പ്രകടനമായിരുന്നു. ഇതിന് പിന്നാലെ ഫൈനലിസിമയും, ഫിഫ ലോകകപ്പും സ്വന്തമാക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിരുന്നു. വീണ്ടുമൊരു കോപ്പയ്‌ക്ക് കളമൊരുങ്ങുമ്പോള്‍ അര്‍ജന്‍റീനയ്‌ക്കായി പന്തുതട്ടാന്‍ മെസിയുണ്ടാവുമോയെന്നാവും ആരാധകര്‍ ഉറ്റുനോക്കുക.
അതേസമയം 2026ലെ ഫിഫ ലോകകപ്പിന് കോൺകാഫ് രാജ്യങ്ങളായ മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് രണ്ട് വര്‍ഷം മുന്നെ നടക്കുന്ന കോപ്പയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ തങ്ങളുടെ സംഘാടന മികവ് തെളിക്കാന്‍ യുഎസിന് അവസരം ലഭിച്ചിരിക്കുകയാണ്.