ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ലോക ചാമ്പ്യൻ നിഖാത് സരീനും യുവ താരം യുവതാരം സാഗർ അഹ്ലാവത്തും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 56 കിലോ വിഭാഗത്തില്‍ മൊസാംബിക്കിന്‍റെ ഹെലേന ഇസ്മായേൽ ബഗാവോയെ നോക്കൗട്ട് ചെയ്‌താണ് നിഖാത്തിന്‍റെ മുന്നേറ്റം.
ഗെയിംസിലെ നിലവിലെ വെങ്കല മെഡൽ ജേതാവായ ന്യൂസിലൻഡിന്‍റെ ട്രോയ് ഗാർട്ടനാണ് ക്വാർട്ടറില്‍ നിഖാത് സരീന്‍റെ എതിരാളി. മത്സരം വിജയിക്കാനായാല്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം. സ്വര്‍ണമല്ലാതെ മറ്റൊന്നും ലക്ഷ്യം വെയ്‌ക്കുന്നില്ലെന്ന് സരീന്‍ മത്സര ശേഷം പ്രതികരിച്ചു.
''അടുത്ത റൗണ്ടുകളിൽ മികച്ച പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. മെഡല്‍ നേടുന്നതിന് ഒരു മത്സരത്തിന്‍റെ അകലം മാത്രമാണുള്ളത്. എന്നാല്‍ സ്വര്‍ണം നേടാനാണ് ശ്രമം'' നിഖാത് സരീന്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിക്കുന്ന സാഗർ പുരുഷന്മാരുടെ 92 കിലോയില്‍ കാമറൂണിന്‍റെ മാക്‌സിം യെഗ്‌നോങ്ങിനെതിരെ 5-0ത്തിനാണ് വിജയം നേടിയത്. അതേസമയം ശിവ ഥാപ്പ, സുമിത് കുണ്ടു എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
പുരുഷന്മാരുടെ 63.5 കിലോ വിഭാഗത്തില്‍ സ്‌കോട്ട്‌ലൻഡിന്‍റെ റീസ് ലിഞ്ചിനോട് 1-4 നാണ് ഥാപ്പ കീഴടങ്ങിയത്. ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവാണ് ലിഞ്ച്. 75 കിലോ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ കല്ലം പീറ്റേഴ്‌സിനോട് 0-5ത്തിനാണ് സുമിത്തിന്‍റെ തോല്‍വി.
also read: കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ റെക്കോഡുമായി അചിന്ത ഷിവലി