മേസൺ: വെസ്റ്റേൺ ആന്‍ഡ് സതേൺ ഓപ്പണ്‍ (സിൻസിനാറ്റി) ടെന്നീസിന്‍റെ സെറീന വില്യംസിന്‍റെ ആദ്യ മത്സരം പുനഃക്രമീകരിച്ചു. തിങ്കളാഴ്‌ച നിശ്ചയിച്ചിരുന്ന മത്സരം ചൊവ്വാഴ്‌ചയ്‌ത്തേക്കാണ് മാറ്റിയത്. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ 19കാരിയ എമ്മ റഡുകാനുവാണ് 40കാരിയായ സെറിനയുടെ എതിരാളി.
നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് മത്സരം പുനഃക്രമീകരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ പങ്കെടുത്തതിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി സെറീന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ 23 തവണ ഗ്രാൻഡ് സ്ലാം നേടിയ താരത്തിന്‍റെ കരിയറിലെ അവസാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് കൂടിയാണിത്.
ഓഗസ്റ്റ് 29നാണ് യുഎസ് ഓപ്പണ്‍ ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്നത്. അതേസമയം കഴിഞ്ഞ ബുധാനാഴ്‌ച ടോറന്‍റോയില്‍ തന്‍റെ ആദ്യ മത്സരത്തില്‍ ബെലിൻഡ ബെൻസിച്ചിനോട് സെറീന തോല്‍വി വഴങ്ങിയിരുന്നു. തന്‍റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ 6-2, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ തോല്‍വി.
ടെന്നീസ് കോർട്ടില്‍ നിന്ന് വിട പറയുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അമേരിക്കന്‍ ടെന്നീസ് ഇതിഹാസം അറിയിച്ചത്. 'ജീവിതത്തിൽ മറ്റൊരു ദിശയിലേക്ക് മാറേണ്ട ഒരു സമയം ജീവിതത്തിലുണ്ടാകും. നിങ്ങള്‍ അത്രയധികം ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ ആ സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
ഞാന്‍ ടെന്നീസ് വളരെയധികം ആസ്വദിക്കുന്നു. പക്ഷേ, ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. അമ്മയെന്ന നിലയിലും ആത്മീയ ലക്ഷ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.