റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ കബഡി മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ വനിത താരം ശാന്തി മാധവി മരിച്ചു. പരിക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒക്‌ടോബര്‍ 14ന് കാങ്കേർ ജില്ലയിലെ മജ്ഹിബോറാൻഡിൽ നടന്ന കബഡി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
മക്‌ഡി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിക്കപ്പെട്ട ശാന്തി മാധവിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കബഡി താരത്തിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി.
യുവതിയുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ച മുഖ്യമന്ത്രി കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ഛത്തീസ്‌ഗഡിയ ഒളിമ്പിക്‌സിന്‍റെ ഭാഗമായാണ് കബഡി മത്സരം സംഘടിപ്പിച്ചത്.