ലണ്ടൻ: അർജന്‍റീനയുടെ ലോകകപ്പ് ഹീറോ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. പോര്‍ച്ചുഗല്‍ ക്ലബ് ബെൻഫിക്കയിൽ നിന്നും ബ്രിട്ടീഷ് റെക്കോഡായ 106.8 മില്യൺ പൗണ്ടിനാണ് 22കാരനെ ചെല്‍സി കൂടാരത്തിലെത്തിച്ചത്. ചെല്‍സിയുമായി ധാരണയിലെത്തിയതായി ബെന്‍ഫിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
2021ൽ ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ ജാക്ക് ഗ്രീലിഷിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയ്ക്ക് നൽകിയ 100 മില്യൺ പൗണ്ടിന്‍റെ റെക്കോഡാണ് എന്‍സോയുടെ കൈമാറ്റത്തുക മറികടന്നത്. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തോടൊപ്പം നിലവിലെ ഫോമും എൻസോയുടെ മൂല്യമുയര്‍ത്തി.
സീസണിലെ ക്ഷീണം തീര്‍ക്കാന്‍ ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോയിൽ ഇതിനകം തന്നെ ഏകദേശം 225 മില്യൺ ഡോളർ ചെൽസി ചെലവഴിച്ചിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ മുൻനിര ലീഗുകളിലെ മറ്റേതൊരു ക്ലബിനേക്കാളും കൂടിയ തുകയാണിത്. ദീർഘകാലത്തേക്കാണ് ചെല്‍സി പുതിയ താരങ്ങളുമായി കരാറിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മിഖായിലോ മുദ്രികിനെ എട്ടരവര്‍ഷത്തേക്കാണ് ക്ലബ് സ്വന്തമാക്കിയത്. ഇതോടെ സാമ്പത്തിക ഫെയർ-പ്ലേ നിയന്ത്രണങ്ങൾ ഉള്‍പ്പെടെ പാലിക്കാനാണ് ക്ലബ്ബ് ലക്ഷ്യം വയ്‌ക്കുന്നത്. അതേസമയം ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്‌സണലിലേക്ക് ചേക്കേറി.
ALSO READ: കറബാവോ കപ്പ്: സതാംപ്‌ടണെ മുക്കി ന്യൂകാസിൽ യുണൈറ്റഡ് ഫൈനലില്‍