ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക് ഇനി കിറ്റ് സ്‌പോണ്‍സര്‍മാരില്ല. ക്ലബുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്‌തതായി സ്‌പോണ്‍സര്‍മാരായ ത്രീ അറിയിച്ചു. 2023ല്‍ അവസാനിക്കുന്ന മൂന്ന് വര്‍ഷ കരാറിന്‍റെ മധ്യത്തിലാണ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ത്രിയുടെ പിന്മാറ്റം.
ക്ലബ്ബിന്‍റെ കിറ്റ്, സ്റ്റാംഫോർഡ് ബ്രിഡ്ജ്, ചെൽസിയുടെ കോബാം പരിശീലന ബേസ് എന്നിവയിൽ നിന്നടക്കം ലോഗോ നീക്കം ചെയ്യാനും സ്‌പോണ്‍സര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 40 മില്യൺ പൗണ്ടിനാണ് (52.4 മില്യൺ ഡോളർ) ത്രീ ചെല്‍സിയുമായി കരാറിലേര്‍പ്പെട്ടിരുന്നത്.
"ഗവൺമെന്‍റ് അടുത്തിടെ പ്രഖ്യാപിച്ച ഉപരോധത്തിന്‍റെ പശ്ചാത്തലത്തില്‍, ഫുട്‌ബോള്‍ ടീമിന്‍റെ സ്പോൺസർഷിപ്പ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഞങ്ങൾ ചെൽസി ഫുട്ബോൾ ക്ലബിനോട് അഭ്യർത്ഥിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങളുടെ ബ്രാൻഡ് ഷർട്ടുകളിൽ നിന്നും സ്റ്റേഡിയത്തിന് ചുറ്റും നീക്കം ചെയ്യാനും ആവശ്യപ്പെട്ടു" ത്രീ പ്രസ്‌താവനയില്‍ പറഞ്ഞു.
ക്ലബിന്‍റെ റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ചിനെതിരെ ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ത്രിയുടെ പിന്മാറ്റം. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ അബ്രമോവിച്ച് ഉൾപ്പടെയുള്ള ഏഴ് റഷ്യൻ സമ്പന്നർക്കെതിരെയാണ് ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തിയത്.
also read: ജർമന്‍ ഓപ്പൺ: ശ്രീകാന്തിന് പിന്നാലെ ക്വാര്‍ട്ടറുറപ്പിച്ച് പ്രണോയും
ഇതോടെ ക്ലബ് വില്‍ക്കാനുള്ള അബ്രമോവിച്ചിന്‍റെ നീക്കങ്ങള്‍ക്കും തിരിച്ചടിയായി. നടപടി നേരിട്ടതോടെ അബ്രമോവിച്ചിന്‍റെ ബ്രിട്ടനിലെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും. ഇതിനുപുറമെ ബ്രിട്ടീഷ് പൗരരുമായി അദ്ദേഹത്തിന് പണമിടപാടുകൾ നടത്താൻ കഴിയില്ല. ശിക്ഷാനടപടിയുടെ ഭാഗമായി അബ്രമോവിച്ചിന് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ കഴിയില്ല.