ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ പുതിയ സീസണില്‍ വിജയത്തുടക്കം കുറിച്ച് വമ്പന്മാര്‍. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എഫില്‍ സെല്‍റ്റികിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്. വിനീഷ്യസ് ജൂനിയര്‍ (56ാം മിനിറ്റ്), ലൂക്ക മോഡ്രിച്ച് (60), ഏദന്‍ ഹസാര്‍ഡ് (77) എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.
ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്തു. എര്‍ലിങ് ഹാലന്‍ഡിന്‍റെ ഇരട്ടഗോള്‍ മികവിലാണ് സിറ്റിക്ക് മിന്നും ജയം ഒരുക്കിയത്. 20, 67 മിനിട്ടുകളിലായിരുന്നു ഹാലന്‍ഡ് ലക്ഷ്യം കണ്ടത്. ഫില്‍ ഫോഡന്‍ (58), റൂബന്‍ ഡയസ് (92) എന്നിവരാണ് സിറ്റിയുടെ പട്ടികയിലെ മറ്റ് ഗോള്‍ വേട്ടക്കാര്‍.
ഗ്രൂപ്പ് എച്ചില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിനെ തകര്‍ത്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്‌ജിയുടെ വിജയം. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവാണ് പിഎസ്‌ജിക്ക് തുണയായത്.
5, 22 മിനിട്ടുകളിലായിരുന്നു എംബാപ്പെ ലക്ഷ്യം കണ്ടത്. ആദ്യ ഗോളിന് നെയ്‌മറും രണ്ടാം ഗോളിന് ഹക്കീമിയും വഴിയൊരുക്കി. 51ാം മിനിട്ടില്‍ വെസ്റ്റൺ മക്കെന്നിയാണ് യുവന്‍റസിനായി ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി ക്രൊയേഷ്യന്‍ ക്ലബ് ഡൈനമോ സാഗ്രബിനെ മുന്നില്‍ വീണു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. 13ാം മിനിട്ടില്‍ മിസ്‌ലവ് ഒര്‍സിക്കാണ് ക്രൊയേഷ്യന്‍ ടീമിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 69 ശതമാനവും പന്ത് കൈവശം വച്ച ചെല്‍സിക്ക് ഗോള്‍ നേടാന്‍ കഴിയാത്തത് തിരിച്ചടിയായി.
മറ്റ് മത്സരങ്ങളില്‍ ബെന്‍ഫിക എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മക്കാഫി ഹൈഫയെ തോല്‍പ്പിച്ചു. ഷാക്തര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലെയ്പസിഗിനെയും പരാജയപ്പെടുത്തി. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ എസി മിലാനെ സാല്‍സ്ബര്‍ഗ് സമനിലയില്‍ തളച്ചു. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരുസംഘവും സമനിലയില്‍ പിരിഞ്ഞത്.