കോപ്പെന്‍ഹേഗന്‍ (ഡെന്മാര്‍ക്ക്) : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (Manchester United) മൂന്നാം തോല്‍വി. എ ഗ്രൂപ്പിലെ നാലാം മത്സരത്തില്‍ ഡെന്മാര്‍ക്ക് ക്ലബായ കോപ്പെന്‍ഹേഗന്‍ എഫ് സിയാണ് (Copenhagen FC) യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 3-4 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോപ്പെന്‍ഹേഗനോട് പരാജയപ്പെട്ടത് (Copenhagen vs Manchester United Result).
കോപ്പെന്‍ഹേഗന്‍റെ തട്ടകമായ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ മികച്ച തുടക്കമായിരുന്നു സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. മത്സരത്തിന്‍റെ ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് സ്വന്തമാക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് മത്സരത്തില്‍ നാല് ഗോള്‍ വഴങ്ങി പരാജയപ്പെട്ടത്.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ റാസ്‌മസ് ഹൊയ്‌ലുണ്ട് (Rasmus Højlund) മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. സ്കോട്ട് മക്ടോമിനെ (Scott McTominay) നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു ഹൊയ്‌ലുണ്ട് റെഡ് ഡെവിള്‍സിന് വേണ്ടി തന്‍റെ മുന്‍ ക്ലബിനെതിരെ ആദ്യ ഗോള്‍ നേടിയത്. പരിക്കേറ്റ ജോണി ഇവാന്‍സിന് പകരം റാഫേല്‍ വരാനെയെ പ്രതിരോധ നിരയിലേക്ക് ഇറക്കാന്‍ മത്സരത്തിന്‍റെ 16-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നിര്‍ബന്ധിതനായി.
ഇതിന് പിന്നാലെ 28-ാം മിനിറ്റില്‍ രണ്ടാം ഗോളും വലയിലെത്തിക്കാന്‍ യുണൈറ്റഡിനായി. ഹൊയ്‌ലുണ്ട് തന്നെയായിരുന്നു യുണൈറ്റഡിനായി രണ്ടാം ഗോളും നേടിയത്. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ യുണൈറ്റഡ് മുന്നേറ്റനിര താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
പത്തുപേരുമായി ചുരുങ്ങിയ യുണൈറ്റഡിനെതിരെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ സമനില പിടിക്കാന്‍ ആതിഥേയര്‍ക്കായി. മുഹമ്മദ് എല്യുനൂസിയാണ് (Mohamed Elyounoussi) കോപ്പെന്‍ഹേഗന്‍ ടീമിനായി ആദ്യ ഗോള്‍ നേടിയത്. 45-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ കോപ്പെന്‍ഹേഗന്‍ രണ്ടാം ഗോളും യുണൈറ്റഡിന്‍റെ വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 69-ാം മിനിറ്റില്‍ വീണ്ടും ആതിഥേയര്‍ക്കെതിരെ ലീഡ് പിടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചത്. മത്സരത്തിന്‍റെ 83-ാം മിനിറ്റില്‍ ലൂക്കാസ് ലെരാഗറിലൂടെ കോപ്പെന്‍ഹേഗന്‍ വീണ്ടും സമനില പിടിച്ചു.
87-ാം മിനിറ്റിലായിരുന്നു കോപ്പെന്‍ഹേഗന്‍ തങ്ങളുടെ വിജയഗോള്‍ നേടിയത്. റൂണി ബാര്‍ദ്‌ഗിയായിരുന്നു അവരുടെ ഗോള്‍ സ്കോറര്‍. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ ഗ്രൂപ്പ് എയിലെ അവസാന സ്ഥാനക്കാരാണ്. യുണൈറ്റഡിനെതിരായ ജയത്തോടെ കോപ്പെന്‍ഹേഗന്‍ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക്കിന് പിന്നിലായി രണ്ടാം സ്ഥാനം സ്വന്തമാക്കി.