മാഡ്രിഡ് : സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനോടും ആരാധകരോടും വികാര നിര്‍ഭരമായി വിടപറഞ്ഞ് ബ്രസീലിയൻ മിഡ്‌ഫീല്‍ഡര്‍ കാസെമിറോ. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്‍റെ നീക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം റയലിനും ആരാധകര്‍ക്കും നന്ദി അറിയിച്ചത്. കരുതിയതിലുമേറെ മനോഹരമായ അനുഭവങ്ങളാണ് റയല്‍ നല്‍കിയതെന്ന് കാസെമിറോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഞാൻ വിചാരിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ കഥയാണ് ഞാൻ ജീവിച്ചത്. എല്ലായ്‌പ്പോഴും എന്‍റെ വീടായിരുന്നിടത്തേക്ക് എന്നെങ്കിലും ഒരുദിവസം തിരിച്ചുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ആയിരം ജന്മമെടുത്താലും റയല്‍ മാഡ്രിഡും അരാധകരും നല്‍കിയതൊന്നും പകരം തിരികെ നല്‍കാന്‍ എനിക്കാവില്ല'- കാസെമിറോ എഴുതി.
- " class="align-text-top noRightClick twitterSection" data="
">
റയലില്‍ നിന്നും 60 മില്യണ്‍ യൂറോയ്‌ക്ക് നാല് വര്‍ഷത്തേക്കാണ് 30കാരനായ കാസെമിറോ യുണൈറ്റഡിലെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ കാസെമിറോ 2013 മുതൽ റയലിന്‍റെ ഭാഗമാണ്. റയലിനൊപ്പം മൂന്ന് ലാലിഗ കിരീടങ്ങളും, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, യുവേഫ സൂപ്പര്‍ കപ്പും, ക്ലബ് ലോകകപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്.
കാസെമിറോയുടെ വരവ് പ്രീമിയർ ലീഗിൽ തുടർ തോൽവികളുമായി നട്ടം തിരിയുന്ന യുണൈറ്റഡിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസെമിറോ പരിഹാരമാകുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗിന്‍റെ കണക്കുകൂട്ടൽ. പ്രീമിയർ ലീഗിൽ സീസണില്‍ നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ യുണൈറ്റഡ് അവസാന സ്ഥാനത്താണ്.