റിയോ ഡി ജനീറോ: ഫുട്‌ബോളില്‍ നിന്നും വിരമിച്ച അർജന്‍റൈൻ താരം കാർലോസ് ടെവസ് ഇനി പരിശീലക വേഷത്തില്‍. അര്‍ജന്റൈൻ പ്രീമിയര്‍ ലീഗ് ക്ലബ്ബായ റൊസാരിയോ സെന്‍ട്രലിനെയാണ് ടെവസ് പരിശീലിപ്പിക്കുക. ക്ലബും താരവും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
പരിശീലകനെന്ന നിലയില്‍ ടെവസിന്റെ ആദ്യ ചുമതലയാണിത്. പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ക്കും ഇറ്റാലിയന്‍ ക്ലബിനും വേണ്ടി കളിച്ച ടെവസ് ഈ മാസം ആദ്യമാണ് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്‍റെ ഒന്നാം നമ്പര്‍ ആരാധകനായിരുന്ന പിതാവ് മരിച്ചതിനാലും കളിയോടുള്ള അഭിനിവേശം കുറഞ്ഞതിനാലുമാണ് വിരമിക്കലെന്ന് പറഞ്ഞ ടെവസ്, പരിശീലകനാവാണ് ഇനി ശ്രമിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.
ബൊക്ക ജൂനിയേഴ്സിലൂടെ പ്രൊഫഷണല്‍ കരിയല്‍ ആരംഭിച്ച 38കാരനായ ടെവസ് 2021 ജൂണില്‍ ഇതേ ക്ലബിനായാണ് അവസാന മത്സരം കളിച്ചത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും, മാഞ്ചസ്റ്റര്‍ സിറ്റിയുടേയും കുപ്പായത്തിലിറങ്ങിയ താരം ഇറ്റാലിയന്‍ ക്ലബായ യുവന്‍റിസിനായും കളിച്ചിട്ടുണ്ട്.
also read: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും ; പുതിയ തട്ടകം തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ ടെവസിന് കഴിഞ്ഞിട്ടുണ്ട്. സിറ്റിക്കൊപ്പവും പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരം, യുവന്‍റസിനൊപ്പം സീരി എ ട്രോഫിയും ഉയര്‍ത്തിയിട്ടുണ്ട്.