ജലന്ധര്‍ : മുന്‍ ഇന്ത്യന്‍ കബഡി താരം സന്ദീപ് സിങ് നംഗലിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണൽ വൈരാഗ്യമെന്ന് പൊലീസ്. കാനഡ ആസ്ഥാനമായുള്ള സ്‌നോവർ ധില്ലന്‍ എന്നയാളുടെ നിർദേശ പ്രകാരമാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ ഇന്‍റര്‍നാഷണല്‍ കബഡി ഫെഡറേഷൻ ഓഫ് ഒന്‍റാറിയോ എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ ധില്ലൻ ഉൾപ്പടെ ഒരു ഡസനടുത്ത് ആളുകള്‍ക്കെതിരെ കേസെടുത്തതായി പഞ്ചാബ് ഡിജിപി വികെ ഭാവ്ര അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം എന്നിങ്ങനെ 20ലധികം ക്രിമിനൽ കേസുകൾ നേരിടുന്ന നാല് പേരെ വിവിധ ജയിലുകളിൽ ചോദ്യം ചെയ്തതോടെയാണ് ധില്ലന്‍റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
സംഗ്രൂർ നിവാസിയായ യുവരാജ് എന്ന ഫത്തേ സിങ്, ഹരിയാനയിലെ ഗുരുഗ്രാമിലെ നഹർപൂർ രൂപയിലെ കൗശൽ ചൗധരി, ഹരിയാനയിലെ മഹേഷ്‌പൂര്‍ പൽവൻ ഗ്രാമത്തിലെ അമിത് ദാഗർ, യുപിയിലെ മധോപൂർ പിലിഭിത് ഗ്രാമത്തിലെ ഗുണ്ട തലവന്‍ സിമ്രൻജീത് സിങ് എന്ന ജുജാർ സിങ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്‌തത്.
നാഷണൽ കബഡി ഫെഡറേഷൻ ഓഫ് ഒന്‍റാറിയോയില്‍ ചേരാൻ നിരവധി കളിക്കാരെ സ്നോവർ ധില്ലൺ പ്രേരിപ്പിച്ചിരുന്നുതായും എന്നാല്‍ പ്രശസ്തരായ മിക്ക കളിക്കാരും സന്ദീപ് നിയന്ത്രിക്കുന്ന മേജർ ലീഗ് കബഡിയുമായി ബന്ധപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്നും ചോദ്യം ചെയ്യലിൽ ഫത്തേ സിങ് വെളിപ്പെടുത്തിയതായി ഡിജിപിവികെ ഭാവ്ര പറഞ്ഞു.
സ്‌നോവർ ധില്ലന്‍റെ നിർദേശ പ്രകാരം അമിത് ദാഗർ, കൗശൽ ചൗധരി, ജഗ്ജിത് സിങ്, ലക്കി പട്യാൽ, സുഖ ദുനെകെ എന്നിവർ ചേർന്ന് സന്ദീപിനെ ഇല്ലാതാക്കാൻ ഷൂട്ടർമാരെ ഏർപ്പാടാക്കിയതായി ഫത്തേ സമ്മതിച്ചതായി ജലന്ധർ റൂറൽ പൊലീസ് സൂപ്രണ്ട് സതീന്ദർ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ധില്ലന്‍റെ ഫെഡറേഷനിൽ ചേരാൻ ചില കളിക്കാരെ സമ്മർദത്തിലാക്കിയതായും ഫത്തേ സമ്മതിച്ചിട്ടുണ്ട്.
also read:ഏഷ്യൻ ബില്ല്യാർഡ്‌സ് ചാമ്പ്യൻഷിപ്പ് ; എട്ടാം കിരീടത്തിൽ മുത്തമിട്ട് പങ്കജ് അദ്വാനി
മാര്‍ച്ച് 14ന് ജലന്ധർ ജില്ലയിലെ മാലിയൻ ഗ്രാമത്തിൽ നടന്ന മത്സരത്തിനിടെയാണ് അജ്ഞാതരായ സംഘത്തിന്‍റെ വെടിയേറ്റ് സന്ദീപ് കൊല്ലപ്പെടുന്നത്. ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്നതാണ് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ സന്ദീപ് സിങ് നംഗലിന്‍റെ കുടുംബം.
കബഡി ടൂര്‍ണമെന്‍റ് നടത്തുന്നതിനായും ചില കല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനുമായാണ് സന്ദീപ് ഇന്ത്യയിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.