ലണ്ടന്‍: ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുകയാണ് മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ്. എന്നാൽ ടൂർണമെന്‍റിൽ താരത്തിന് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. അതേസമയം തുടര്‍ച്ചയായി കളിക്കളത്തിന് പുറത്തിരുന്നതിനാൽ നിലവിൽ 1204-ാം റാങ്കിലേക്ക് വീണ സെറീന വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയാൽ അതൊരു പുതു ചരിത്രമായി മാറും.
തന്‍റെ 24-ാം കിരീടം ലക്ഷ്യമിട്ടാണ് മുൻ ലോക ഒന്നാം നമ്പർ താരം കോർട്ടിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ വിംബിള്‍ഡൺ ടൂർണമെന്‍റില്‍ അലിയാക്‌സാണ്ട്ര സസ്‌നോവിച്ചിന് എതിരായ ആദ്യ റൗണ്ടിൽ പരിക്കേറ്റ താരം പിന്നീട് ഒരു ടൂർണമെന്‍റിലും ഇറങ്ങിയിരുന്നില്ല. ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായാണ് സെറീന വിംബിള്‍ഡണിന് എത്തുന്നത്.
ഏഴ് വിംബിൾഡൺ സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സെറീന 2016ലാണ് അവസാനമായി കിരീടത്തിൽ മുത്തമിട്ടത്. തുടർന്ന് പ്രസവ ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന 2018ലും 2019ലും ഫൈനൽ വരെ എത്തിയിരുന്നു. 2017ലെ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് അവസാനമായി സെറീന ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും ഇത്തവണ 24 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിനൊപ്പം എത്താന്‍ സെറീനയ്‌ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ടെന്നിസില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ച ഓസ്‌ട്രേലിയക്കാരി ആഷ്‌ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യൻ.