ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്‍റീനയെ ഇക്വാഡോര്‍ തളച്ചു - ബൊളീവിയ-ബ്രസീല്‍
ബൊളീവിയയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ ജയിച്ച് കയറിയത്.
ലാ പാസ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയുടെ തട്ടകമായ ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ ജയിച്ച് കയറിയത്. റിച്ചാര്‍ളിസന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് പക്വേറ്റ, ബ്രൂണോ എന്നിവരും മഞ്ഞപ്പടയ്‌ക്കായി ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ 24ാം മിനിട്ടില്‍ തന്നെ പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചിരുന്നു. 45ാം മിനിട്ടില്‍ റിച്ചാര്‍ളിസന്‍ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ സംഘം 66ാം മിനിട്ടില്‍ ബ്രൂണോയിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. തുടര്‍ന്ന് 91ാം മിനിട്ടിലാണ് റിച്ചാര്‍ളിസന്‍ തന്‍റെ രണ്ടാം ഗോളും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ ബ്രസീലിന് വെല്ലുവിളിയുയര്‍ത്താന്‍ ബൊളീവിയയ്‌ക്കായിരുന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് ബ്രസീല്‍ 9 തവണ ഷോട്ടുതിര്‍ത്തപ്പോള്‍ ആറ് ശ്രമങ്ങള്‍ ബൊളീവിയയുടെ ഭാഗത്ത് നിന്നുണ്ടായി. രണ്ട് കോര്‍ണറുകള്‍ നേടിയെടുക്കാന്‍ ബ്രസീലിനായപ്പോള്‍ ആറെണ്ണം നേടാന്‍ ബൊളീവിയയ്‌ക്കായി.
also read: നോർത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു; ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ഖത്തറിലേക്ക്
ഖത്തറിലേക്ക് നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ച ബ്രസീല്‍ 17 മത്സരങ്ങളില്‍ 45 പോയിന്‍റുമായി ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാം സ്ഥാനത്താണ്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിന്‍റെ മുന്നേറ്റം.
സമനില വഴങ്ങി അര്‍ജന്‍റീന: യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെതിരെ അര്‍ജന്‍റീന സമനില വഴങ്ങി. ഒരോ ഗോളുകള്‍ വീതം നേടിയാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. 24ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയ്‌ക്ക് ഇഞ്ചുറിയ ടൈമിലാണ് ഇക്വാഡോര്‍ മറുപടി നല്‍കിയത്.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 93ാം മിനിട്ടില്‍ എന്നര്‍ വലന്‍സിയയാണ് ഇക്വാഡോറിനായി ലക്ഷ്യം കണ്ടത്. ഇതോടെ തോല്‍വി അറിയാതെ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അര്‍ജന്‍റീനയ്‌ക്കായി.