ടോക്കിയോ : മത്സരങ്ങള്‍ ജയിക്കാൻ ബ്രസീൽ ഇനി സൂപ്പർ താരം നെയ്‌മറിനെ ആശ്രയിക്കില്ലെന്ന് പരിശീലകന്‍ ടിറ്റെ. ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കളായ ഒരു തലമുറ ലോകകപ്പിലേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നതായും ടിറ്റെ പറഞ്ഞു. തിങ്കളാഴ്‌ച ജപ്പാനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ടിറ്റെയുടെ പ്രതികരണം.
"ഞാൻ വളരെക്കാലമായി ദേശീയ ടീമിന്‍റെ ചുമതല വഹിക്കുന്നു, ആ സമയത്ത് ഞാൻ ഒരുപാട് തെറ്റുകൾ വരുത്തുകയും ചില നല്ല തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഞങ്ങൾക്ക് ഒരു പുതിയ തലമുറ കടന്നുവരുന്നു.
ഞാൻ ചെയ്ത ഒരു നല്ല കാര്യം ധാരാളം കളിക്കാരെ പരീക്ഷിക്കുക എന്നതാണ്. ഇപ്പോൾ ഞങ്ങൾ ഒരു അറ്റാക്കിങ് പ്ലെയറെ ആശ്രയിക്കുന്നില്ല. വേഗതയും സർഗാത്മകതയുമുള്ള നിരവധി താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്. പ്രത്യേകിച്ച് അറ്റാക്കിങ്ങില്‍" - ടിറ്റെ പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ സ്‌പെയ്‌നെ 2-1ന് തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്‍റെ സ്വര്‍ണമെഡല്‍ നേട്ടം. റിച്ചാർലിസൺ, ബ്രൂണോ ഗുയിമാരേസ് തുടങ്ങിയ താരങ്ങള്‍ ഒളിമ്പിക്‌സിലെ കൂടി പ്രകടത്തിന്‍റെ ബലത്തിലാണ് ടിറ്റെയുടെ സീനിയർ സ്ക്വാഡില്‍ ഇടം കണ്ടെത്തിയത്. സീനിയര്‍ കളിക്കാരെയും യുവതാരങ്ങളേയും ഒന്നിച്ച് നിര്‍ത്തിക്കൊണ്ടാണ് ലോകകപ്പിനായി തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.