ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിന്‍റെ സാമ്പത്തിക നിയമങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ കൂടുതൽ ആസ്‌തികൾ വിൽപ്പന നടത്തി എഫ്‌സി ബാഴ്‌സലോണ. ഏറ്റവും ഒടുവിലായി ബാര സ്റ്റുഡിയോയുടെ പ്രൊഡക്ഷൻ ഹബ്ബിന്‍റെ 24.5% ഓഹരികൾ ഓർഫിയസ് മീഡിയയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇതിലൂടെ ഏകദേശം 100 ദശലക്ഷം യൂറോ (800 കോടി രൂപയോളം) നോടാൻ സാധിക്കും എന്നാണ് ക്ലബിന്‍റെ കണക്കുകൂട്ടൽ.
കഴിഞ്ഞ മാസം തങ്ങളുടെ പ്രൊഡക്ഷൻ ഹബ്ബിലെ 25 ശതമാനം ഓഹരികൾ ബ്ലോക്ക്‌ചെയിൻ ദാതാക്കളായ സോസിയോസ്.കോമിന് 100 ദശലക്ഷം യൂറോക്ക് ബാഴ്‌സലോണ വിൽപ്പന നടത്തിയിരുന്നു. കൂടാതെ അടുത്ത 25 വർഷത്തേക്ക് സ്‌പാനിഷ് ലീഗ് ടെലിവിഷൻ അവകാശത്തിന്‍റെ 25 ശതമാനം 670 ദശലക്ഷം യൂറോയ്ക്കും വിൽപ്പന നടത്തിയിരുന്നു.
നേരത്തെ ബയേൺ മ്യൂണിക്കിൽ നിന്ന് ലെവൻഡോവ്‌സ്‌കിയെയും മറ്റ് പുതുമുഖ താരങ്ങളേയും ക്ലബിലെത്തിക്കുന്നതിനായി കനത്ത കടബാധ്യതയുള്ള കറ്റാലൻ ക്ലബ്ബ് തങ്ങളുടെ ആസ്‌തികൾ 870 മില്യൺ യൂറോയ്ക്കാണ് പണയം വെച്ചത്. അതിലൂടെ ലെവൻഡോസ്‌കി, വിംഗർ റാഫിഞ്ഞ, ഡിഫൻഡർ ജൂൾസ് കൗണ്ട് എന്നിവരെ 160 മില്യൺ യൂറോയ്ക്ക് സൈൻ ചെയ്ത് ടീമിനെ ശക്തിപ്പെടുത്താൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞു.
അതേസമയം ചെലവ് കുറയ്ക്കാനും കടം വീട്ടാനുമുള്ള ശ്രമങ്ങൾക്കിടയിലും, ബാഴ്‌സലോണയ്ക്ക് ഇപ്പോഴും 1 ബില്യൺ യൂറോയുടെ കടമുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് സമീപകാല സീസണുകളിൽ ക്ലബ് താരങ്ങളുടെ ശമ്പള പരിധി വെട്ടിക്കുറച്ചിരുന്നു.
സ്‌പാനിഷ് ലീഗിൽ പുതിയ സൈനിങ്ങുകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ബാഴ്‌സലോണ ശനിയാഴ്‌ച റയോ വല്ലക്കാനോയ്‌ക്കെതിരെ സ്വന്തം തട്ടകത്തിലാണ് സീസൺ ആരംഭിക്കുന്നത്. ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ, കൗണ്ട് തുടങ്ങിയവരേയും ഫ്രീ ഏജന്‍റായി എത്തുന്ന താരങ്ങളേയും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
എന്നാൽ 100 ദശലക്ഷം യൂറോയുടെ വിൽപ്പനയിലൂടെ ഈ താരങ്ങളെയെല്ലാം രജിസ്റ്റർ ചെയ്യാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. കൂടാതെ ബാഴ്‌സലോണയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ നിലനിർത്താനും ഈ വിൽപ്പന സഹായിച്ചേക്കും. ഈ സീസണിൽ സ്‌പാനിഷ് ലീഗിൽ കളിക്കണമെങ്കിൽ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ ടീമുകൾക്ക് ഓഗസ്റ്റ് അവസാനം വരെയാണ് സമയം നൽകിയിട്ടുള്ളത്.