ബാഴ്‌സലോണ എന്ന ക്ലബ്ബിനെ പ്രാണനായി നെഞ്ചോടുചേർത്ത് നടക്കുന്ന ഒരുകൂട്ടം ആരാധകർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് അവരുടെ ലാ ലിഗയിലെ കിരീടധാരണം. സമീപകാലത്ത് ബാഴ്‌സലോണ ആരാധകരെ പോലെ അപമാനിതരായ മറ്റൊരു ആരാധകവൃന്ദത്തെ നമുക്ക് കാണാനായേക്കില്ല. അത്രയും ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കറ്റാലൻ ക്ലബ്ബും അവരെ പിന്തുണയ്‌ക്കുന്ന ക്യൂളേഴ്‌സും കടന്നുപോയിക്കൊണ്ടിരുന്നത്.
നാണക്കേടിന്‍റെ പടുകുഴിയിൽ വീണ ബാഴ്‌സയുടെ പഴയ ഡിഎൻഎ തിരികെ വരികയും പഴയ പ്രതാപത്തിലേക്കുള്ള മടക്കത്തിന്‍റെ സൂചനകളുമാണ് സമീപകാലത്ത് ലഭിക്കുന്നത്. മികച്ച പരിശീലകരും സുവർണ തലമുറയിലെ ഒരുപറ്റം താരങ്ങളും ബാഴ്‌സയോട് വിടപറഞ്ഞതോടെയാണ് ക്ലബ്ബിന്‍റെ പ്രതാപകാലത്തിന് വിള്ളൽ വീഴാൻ തുടങ്ങിയത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികൾ നേരിട്ട കറ്റാലൻസ് ലാലിഗ കിരീടപ്പോരാട്ടത്തിലും ഏറെ പിന്നിലായി. 2019-ന് ശേഷം ലീഗ് കിരീടമില്ലാത്ത മൂന്ന് സീസണുകളാണ് കടന്നുപോയത്.
ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരിട്ട നാണംകെട്ട തോൽവി, എസ് റോമക്കെതിരെയും ആൻഫീൽഡിൽ ലിവർപൂളിന് മുന്നിലും തലതാഴ്‌ത്തി മടങ്ങിയതും ഏതൊരു ബാഴ്‌സ ആരാധകനും നിറകണ്ണുകളോടെയല്ലാതെ ഓർത്തെടുക്കാനാകില്ലെന്ന് ഉറപ്പാണ്. ഈ തോൽവികളിലെല്ലാം ഒരോ തവണയും അവരുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ പൊലിഞ്ഞുപോവുകയായിരുന്നു.
ഇതിനെല്ലാം പുറമെ ക്ലബ്ബിന്‍റെ സാമ്പത്തിക തിരിമറികൾ കൂടി പുറത്തുവന്നതോടെ തീർത്തും പ്രതിരോധത്തിലാകുന്ന കാഴ്‌ചയാണ് കണ്ടത്. ഇതേത്തുടർന്ന് ലാലിഗ ക്ലബ്ബിന് മേൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്. ഇതിന്‍റെ അനന്തരഫലമായി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസിയുടെ കരാർ പുതുക്കാനും മാനേജ്‌മെന്‍റിനായില്ല. ഇതോടെ താൻ ജീവശ്വാസമായി കൊണ്ടുനടന്നിരുന്ന ക്ലബ്ബില്‍ നിന്ന് നിറകണ്ണുകളുമായി മെസി പടിയിറങ്ങിയതിനും ക്യാമ്പ് നൗവിലെ ആരാധകർ സാക്ഷിയായി.
ലപോർട്ടയുടെ മടങ്ങിവരവ് : ജുവാൻ ലപോർട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരികെ വരുന്നു. ക്ലബ്ബിനെ വല്ലാത്ത രീതിയിൽ നശിപ്പിച്ച ജോസഫ് മാരിയോ ബർതോമിയോയുടെ കിരാതകാലത്തിന് അറുതിവരുത്തിയാണ് ലപോർട്ട പ്രസിഡന്‍റ് കസേരയിലേക്ക് തിരികെയെത്തുന്നത്. ലപോർട്ട സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ 1.2 ബില്യൺ യൂറോയിലധികം കടത്തിലായിരുന്നു ബാഴ്‌സ. ലപോർട്ടയാണ് ബാഴ്‌സയുടെ ഇതിഹാസ താരമായ സാവി ഹെർണാണ്ടസിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. വളരെയധികം പ്ലാനുകൾ മുന്നിൽ കണ്ടായിരുന്നു ലപോർട്ടയെന്ന പ്രസിഡന്‍റിന്‍റെ ഓരോ നീക്കങ്ങളും.
സാവിയെ പരിശീലക കുപ്പായമണിയിക്കുമ്പോൾ സാഹചര്യം ഒരിക്കലും അനുകൂലമായിരുന്നില്ല. ക്ലബ്ബിന്‍റെ ഭാവിയെകുറിച്ച് നിരീക്ഷകരെല്ലാം ആശങ്ക മാത്രം പങ്കുവച്ച സാഹചര്യമാണുണ്ടായിരുന്നത്. റൊണാൾഡ് കൊമാന് കീഴിൽ യാതൊരു ലക്ഷ്യവുമില്ലാതെ കളിച്ചിരുന്ന സാഹചര്യത്തിലാണ് സാവി തന്‍റെ പഴയ ക്ലബ്ബിന്‍റെ പരിശീലകനായിട്ടെത്തുന്നത്. ചുമതലയേറ്റെടുക്കുമ്പോൾ ലീഗിൽ ബാഴ്‌സയുടെ സ്ഥാനം ഒമ്പതാമതായിരുന്നു. അവിടെ നിന്നും 18 മാസങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കറ്റാലൻസിനെ ലാലിഗയുടെ അമരത്തെത്തിക്കുന്നത്.
ഈ കിരീട വിജയത്തിൽ ലപോർട്ടയുടെ പങ്കും വളരെ വലുതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതിൽ പ്രധാനപ്പെട്ടതാണ് ക്ലബ്ബിന്‍റെ അടുത്ത 25 വര്‍ഷത്തേക്കുള്ള പ്രക്ഷേപണ കരാര്‍ 667 ദശലക്ഷം യൂറോയ്ക്ക് വിറ്റത്. അതോടൊപ്പം തന്നെ നാല് വർഷത്തെ കരാറിലാണ് സ്വീഡിഷ് ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈ ബാഴ്‌സയുടെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കരാറിലൂടെയും വലിയൊരു തുകയാണ് ബാഴ്‌സയ്‌ക്ക് ലഭിച്ചത്. ഇങ്ങനെ ലഭിച്ച വലിയ തുക ഉപയോഗിച്ചുകൊണ്ടാണ് നിരവധി മികച്ച താരങ്ങളെ ബാഴ്‌സ ടീമിലെത്തിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തെത്തിയാൽ മെസിയുടെ കരാർ പുതുക്കി താരത്തെ നിലനിർത്തുമെന്ന വാഗ്‌ദാനം മാത്രമാണ് ലപോർട്ടയ്‌ക്ക് നടപ്പിലാക്കാനാകാതെ പോയത്. ക്ലബ്ബിന്‍റെ ഡയറക്‌ടറായ മാറ്റിയോ അലിമാനിക്കും ഈ ദൗത്യത്തിൽ വലിയ പങ്കുണ്ട്. ട്രാൻസ്‌ഫർ വിൻഡോയിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി ചർച്ചകൾക്ക് നേതൃത്വം നൽകിയത് അലിമാനിയായിരുന്നു.
മെയ് 15ന് നടന്ന കറ്റാലൻ ഡെർബിയിൽ ചിരവൈരികളായ എസ്‌പാന്യോളിനെ തകര്‍ത്താണ് ബാഴ്‌സലോണ ലാ ലിഗ കിരീടം സ്വന്തമാക്കിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള കിരീടനേട്ടം ബാഴ്‌സ ആരാധകർ ശരിക്കും ആഘോഷിക്കുകയാണ്. ബാഴ്‌സ അവരുടെ ചരിത്രത്തില്‍ തന്നെ നേരിട്ടിട്ടില്ലാത്ത അത്രയും ഭീകരമായ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് ഈ കിരീടനേട്ടമെന്നത് സാവിയുടെയും സംഘത്തിന്‍റെയും ആഹ്ളാദം ഇരട്ടിയാക്കുന്നു. ഈ കിരീട നേട്ടത്തോടെ പരിശീലകനായും കളിക്കാരനായും ബാഴ്‌സയ്‌ക്കൊപ്പം ലീഗ് കിരീടം നേടുന്ന അഞ്ചാമത്തെയാളാണ് സാവി. ജോസഫ് സമിറ്റിയര്‍, യൊഹാന്‍ ക്രൈഫ്, പെപ് ഗ്വാര്‍ഡിയോള, ലൂയിസ് എൻറിക്വെ എന്നിവരാണ് സാവിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയവർ.
സാവി മാസ്റ്റർക്ലാസ് : കോമാന് കീഴിൽ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ 2021 നവംബറിലാണ് സാവി ബാഴ്‌സയുടെ പരിശീലകനായെത്തുന്നത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കരാർ പുതുക്കാനാകാതെ മെസി ടീം വിട്ടതും തുടർച്ചയായ സീസണുകളിൽ ചാമ്പ്യൻസ് ലീഗുകളിൽ തകർന്നടിഞ്ഞ് മാനസികമായി തളർന്ന ടീമിനെ തിരികെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതടക്കം നിരവധി വെല്ലുവിളികളാണ് സാവിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ തന്‍റെ ഇഷ്‌ടക്ലബിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിടാൻ സാവി തയ്യാറായിരുന്നില്ല. താരങ്ങളുടെ പൾസ് അറിഞ്ഞ് പ്രവർത്തിച്ച സാവി ടീമിനെ പതിയെ വിജയവഴിയിലേക്ക് തിരികെയെത്തിക്കാൻ തുടങ്ങി. ചുമതലയേല്‍ക്കുമ്പോള്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചാണ് സാവി തന്‍റെ ആദ്യ സീസണ്‍ അവസാനിപ്പിച്ചത്.
സാവി ദി ആർക്കിടെക്‌റ്റ് : ഈ സീസണിൽ കൃത്യമായ പദ്ധതികളുമായാണ് സാവി ടീമിനെ പുതുക്കിപ്പണിതത്. സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതോടെ ലഭിച്ച വലിയ തുക ഉപയോഗിച്ച് മികച്ച താരങ്ങളെ ടീമിലെത്തിക്കാനായി. ബയേൺ മ്യൂണിക്കില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് കെസി, റാഫിഞ്ഞ്യ, ജൂള്‍സ് കൗണ്ടെ, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ കൊണ്ടുവന്ന സാവി ടീമിനെ തന്‍റേതായ രീതിയിൽ പുതുക്കിപ്പണിതു. ഈ ട്രാൻസ്‌ഫറുകളിൽ ടീമിലെത്തിച്ച മിക്ക താരങ്ങളുടെയും പ്രകടനം ഇത്തവണ കിരീടനേട്ടത്തിൽ നിർണായകമായി.
ലെവന്‍ഡോവ്‌സ്‌കിക്കൊപ്പം റാഫിഞ്ഞ്യ, ഡെംബലെ എന്നിവരെ അണിനിരത്തി മികച്ച മുന്നേറ്റനിര തന്നെ സൃഷ്‌ടിച്ചു സാവി. മുന്നേറ്റനിരയിൽ ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. 21 ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോററാണ് ലെവ. ബാഴ്‌സയ്‌ക്കായി എല്ലാ ടൂർണമെന്‍റുകളിലുമായി മുപ്പതിലധികം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 31 ഗോളുകളാണ് ഇതുവരെ അടിച്ചിട്ടുള്ളത്. ബ്രസീലിയൻ താരം റൊണാൾഡോയ്‌ക്ക് ശേഷം ബാഴ്‌സലോണയ്‌ക്കായി അരങ്ങേറ്റ സീസണിൽ തന്നെ 30-ലധികം ഗോളുകൾ നേടുന്ന ആദ്യ താരമാണ് ലെവൻഡോവ്‌സ്‌കി. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് നയിക്കുന്ന മധ്യനിരയിൽ ഫ്രങ്കി ഡിജോങ്ങും ഭാവിവാഗ്‌ദാനങ്ങളായ പെഡ്രിയും ഗാവിയും ചേർന്നതോടെ കൂടുതൽ ക്രിയാത്കമായി.
കോട്ടകെട്ടി കാത്ത പ്രതിരോധം : കിരീടനേട്ടത്തിൽ ഏറ്റവും നിർണായകമായത് ബാഴ്‌സയുടെ പ്രതിരോധമാണ്. പ്രതിരോധത്തിന്‍റെ വിശ്വാസം കാത്ത പ്രകടനമാണ് ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റീഗൻ പുറത്തെടുത്തത്. നിർണായകമായ നിരവധി സേവുകൾ നടത്തിയ ടെർസ്റ്റീഗൻ ലീഗിൽ ഇതുവരെ 25 ക്ലീൻഷീറ്റുകളാണ് സ്വന്തമാക്കിയത്. 1993-94 സീസണില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണ ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ്‌കോ ലിയാനോയുടെ പേരിലുള്ള 26 ക്ലീന്‍ ഷീറ്റുകളാണ് ലാ ലിഗയിലെ റെക്കോഡ്. ഇത്തവണ ലീഗില്‍ നാല് മത്സരങ്ങള്‍ ശേഷിക്കെ ടെര്‍സ്റ്റീഗന്‍ ആ റെക്കോഡ് മറികടക്കുമെന്നുറപ്പാണ്. ലീഗില്‍ 34 മത്സരങ്ങള്‍ പൂർത്തിയായപ്പോൾ 64 ഗോളുകൾ അടിച്ചുകൂട്ടിയ ബാഴ്‌സ വെറും 13 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഇതെല്ലാം പ്രതിരോധത്തിന്‍റെ കരുത്ത് വ്യക്‌തമാക്കുന്ന കണക്കുകളാണ്.
റൊണാള്‍ഡ് അരാഹോ, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സണ്‍, ജൂള്‍സ് കൗണ്ടെ, അലജാന്‍ഡ്രോ ബാല്‍ഡെ എന്നീ യുവരക്തങ്ങളാണ് ബാഴ്‌സയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നത്. ഇതിൽ തന്നെ ചെൽസിയിൽ നിന്ന് ഫ്രീ ട്രാൻസ്‌ഫറിലൂടെ സ്വന്തമാക്കിയ ക്രിസ്റ്റ്യന്‍സണ്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. വെറ്ററൻ താരം ജോർദി ആൽബയെ ബെഞ്ചിലിരുത്തി പകരം സാവി കളത്തിലിറക്കുന്ന ബാല്‍ഡെ വിങ്ങുകളിൽ നടത്തുന്ന കുതിപ്പുകൾ മികച്ചതാണ്.
ടീമിന്‍റെ പൾസറിഞ്ഞ് പ്രവർത്തിച്ച പരിശീലകൻ : സ്വതസിദ്ധമായ ശൈലിയിൽ ടീമിനെ നിയന്ത്രിച്ച് കൊണ്ടുപോകാന്‍ സാധിച്ചു എന്നതാണ് സാവി എന്ന പരിശീലകന്‍റെ വിജയം. ടീമിന്‍റെ ചുമതലയേറ്റ സമയത്ത് സാവി നിരവധി നിയമങ്ങളാണ് നടപ്പിലാക്കിയത്. അച്ചടക്ക ലംഘനം നടത്തുന്നതിൽ സീനിയർ താരമെന്നോ യുവതാരമെന്നോ വ്യത്യാസമില്ലാതെ നടപടിയെടുത്തു. പരിശീലനത്തിന് കൃത്യസമയം പാലിക്കാത്ത താരങ്ങൾക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ശിക്ഷ പുനരാരംഭിച്ചു. സാവിക്കൊപ്പം കളിച്ചിരുന്ന താരങ്ങൾ അദ്ദേഹം പരിശീലകനായി എത്തിയപ്പോഴും ടീമിലുണ്ടായിരുന്നു. എന്നാൽ ഈ സൗഹൃദങ്ങളെയെല്ലാം മാറ്റി നിർത്തിയാണ് സാവി പരിശീലക കുപ്പായമണിഞ്ഞത്.
ഭാവി പ്രൊജക്‌ടിലെ നിർണായക താരങ്ങളായ ഫ്രെങ്കി ഡിജോങ്, ഡെംബലെ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങിയ സമയത്ത് താരങ്ങളെ നിലനിർത്തണമെന്ന ആവശ്യവുമായി സാവി രംഗത്തെത്തിയിരുന്നു. ഏജന്‍റും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും തമ്മിലുള്ള പ്രശ്‌നമാണ് ഡെംബലയെ ടീം വിടാൻ നിർബന്ധിപ്പിച്ചതെങ്കിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഡിജോങ്ങിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അയയ്ക്കാനായിരുന്നു ബാഴ്‌സയുടെ പദ്ധതി. എന്നാൽ ഡിജോങ്ങിൽ സാവിയർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്. 120 മീറ്റർ നീളമുള്ള മൈതാനപ്പരപ്പിന്‍റെ എല്ലാ കോണിലേക്കും കണക്‌ട് ചെയ്‌ത് കളംനിറഞ്ഞ് കളിക്കുന്ന ഡിജോങ് ബാഴ്‌സ നിരയിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ്.
യുറോപ്യൻ ചാമ്പ്യൻഷിപ്പിലെ തകർച്ച മാറ്റിനിർത്തിയാണ് ബാഴ്‌സയുടെ മുഴുനീള പരിശീലക വേഷത്തിൽ മികച്ച സീസൺ തന്നെയായിരുന്നു. അടുത്ത സീസണിൽ കൂടുതൽ കിരീടങ്ങൾ ലക്ഷ്യമിടുന്ന ബാഴ്‌സയ്‌ക്ക് മികച്ച താരങ്ങളെ ടീമിലെത്തിക്കേണ്ടതുണ്ട്. ലയണൽ മെസിയെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമം ഒരു വശത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നിരന്തരം പരിക്കിന്‍റെ പിടിയിലുള്ള ഡെംബലെയ്‌ക്ക് പകരം മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകായ് ഗുണ്ടോഗനെയും ബാഴ്‌സ നോട്ടമിട്ടിട്ടുണ്ട്.
18 വർഷത്തിന് ബാഴ്‌സ വിടുന്ന മധ്യനിര താരം ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനെ കൊണ്ടുവരേണ്ടതുണ്ട്. മൊറോക്കൻ മിഡ്‌ഫീല്‍ഡർസോഫിയാന്‍ അംറബാത്, റയൽ സോസിഡാഡ് താരം മാർട്ടിൻ സുബിമെൻഡി എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാൽ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനായി അവരുടെ വേതന ബില്ലിൽ നിന്ന് 200 മില്യൺ യൂറോയിലധികം വെട്ടിക്കുറയ്‌ക്കണം. ഇതിനായി ബാഴ്‌സയ്‌ക്ക് നിലവിലുള്ള കളിക്കാരില്‍ ചിലരെ വില്‍ക്കുകയും മറ്റുള്ളവരുടെ ശമ്പളം കുറയ്‌ക്കുകയും വേണ്ടിവരും.