ന്യൂഡല്‍ഹി : ബാഡ്‌മിന്‍റൺ ഏഷ്യ ചാമ്പ്യൻഷിപ്പിലെ കണ്ണീരിന് പിറന്നാള്‍ ദിനത്തില്‍ പിവി സിന്ധുവിനോട് മാപ്പ് ചോദിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി ചെയർമാൻ ചിഹ് ഷെൻ ചെൻ. വനിത സിംഗിൾസ് സെമിഫൈനലില്‍ അമ്പയര്‍ക്ക് പിഴവ് പറ്റിയതായി ടെക്‌നിക്കൽ കമ്മിറ്റി സമ്മതിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി സിന്ധുവിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
'നിർഭാഗ്യവശാൽ, ഇപ്പോൾ തിരുത്തലുകളൊന്നുമില്ല. മനുഷ്യ സഹജമായ ഇത്തരം തെറ്റുകള്‍ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്'. സിന്ധുവിന് അയച്ച കത്തില്‍ ചിഹ് ഷെൻ ചെൻ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ അവസാനത്തിലാണ് കത്തിന് ആസ്‌പദമായ മത്സരം നടന്നത്.
ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗുച്ചിയോട് കീഴടങ്ങിയ സിന്ധുവിന് വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ തോല്‍വി. എന്നാല്‍ തന്‍റെ തോല്‍വി അമ്പയർമാരുടെ തെറ്റായ തീരുമാനത്തിനാലാണെന്ന് സിന്ധു അന്നുതന്നെ തുറന്നടിച്ചിരുന്നു.
മത്സരത്തിന്‍റെ ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റില്‍ ഒരു പോയിന്‍റ് പെനാൽറ്റി ലഭിച്ചു. സിന്ധു 14-11ന് മുന്നില്‍ നില്‍ക്കെ സെർവ് ചെയ്യാൻ കൂടുതൽ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്പയര്‍ പെനാല്‍റ്റി നല്‍കിയത്. ഇതിന് പിന്നാലെ താളം നഷ്‌ടമായ സിന്ധു ഈ സെറ്റ് 19-21ന് കൈവിട്ടു. തുടര്‍ന്ന് കുതിപ്പ് ലഭിച്ച ജപ്പാന്‍ താരം മൂന്നാം സെറ്റും പിടിച്ചതോടെ മത്സരവും സ്വന്തമാക്കി.
എന്നാല്‍ എതിരാളിയായിരുന്ന യമാഗുച്ചി തയ്യാറാവാത്തതിനാലാണ് സെർവ് ചെയ്യാൻ സമയമെടുത്തതെന്ന് സിന്ധു ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് സിന്ധുവിന് പെനാല്‍റ്റി വിധിച്ചതെന്നും സിന്ധുവിന്‍റെ പിതാവ് പിവി രമണയും പറഞ്ഞിരുന്നു.
അതേസമയം സൂപ്പർതാരത്തിന്‍റെ 27ാം ജന്‍മദിനമാണിന്ന്. 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിലാണ് സിന്ധു ജനിച്ചത്. ഇന്ത്യയ്‌ക്കായി രണ്ട് ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ വനിത താരമായ സിന്ധു രാജ്യം കണ്ട എക്കാലത്തേയും മികച്ച കായിക താരമാണ്.