ബുസാന്‍ : ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് 2023-ല്‍ ജയം തുടര്‍ന്ന് ഇന്ത്യ. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ 62-17 എന്ന സ്‌കോറിനാണ് ഇന്ത്യ തകര്‍ത്ത് വിട്ടത്. ടൂർണമെന്‍റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ചൊവ്വാഴ്‌ച കൊറിയക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നിയ അസ്‌ലം ഇനാംദാർ ജപ്പാനെതിരെയും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
ജപ്പാനെതിരെ ടൂർണമെന്‍റിലെ തന്‍റെ രണ്ടാമത്തെ സൂപ്പർ 10 പോയിന്‍റ് നേടിയ താരം കളിയിലെ ടോപ്പ് സ്കോററായി മാറുകയും ചെയ്തിരുന്നു. പർവേഷ് ഭൈൻസ്വാൾ നയിച്ച ഇന്ത്യയുടെ പ്രതിരോധവും ഏറെ മികച്ചുനിന്നു. തുടര്‍ച്ചയായ രണ്ട് വമ്പൻ വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ മത്സരിക്കാനിറങ്ങിയത്.
ആദ്യ മത്സരത്തില്‍ കൊറിയയ്‌ക്കെതിരെ 76-13 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ വിജയിച്ചത്. ചൈനീസ് തായ്‌പേയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 53-19 എന്ന സ്‌കോറിനും സംഘം കളി പിടിച്ചു. ജപ്പാനാവട്ടെ ഹോങ്കോങ്ങിനെതിരെ 85-11 എന്ന സ്‌കോറിനും കൊറിയയ്‌ക്കെതിരെ 45-18 എന്ന സ്‌കോറിനുമായിരുന്നു വിജയിച്ചിരുന്നത്.
എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ കാര്യമായ പോരാട്ടം നടത്താന്‍ കഴിയാതെയാണ് ജപ്പാന്‍ തോല്‍വി സമ്മതിച്ചത്. രണ്ട് പകുതിയിലുമായി ആകെ ആറ് തവണ ഇന്ത്യ ജപ്പാനെ ഓള്‍ ഔട്ട് ആക്കിയിരുന്നു. മത്സരം തുടങ്ങി നാല് മിനിട്ടുകള്‍ക്കകം തന്നെ നിലവിലെ ചാമ്പ്യൻമാർ ജപ്പാനെതിരെ ആദ്യ ഓള്‍ ഔട്ട് നേടിക്കൊണ്ട് 18-0 എന്ന സ്‌കോറിന് മുന്നിലെത്തിയിരുന്നു.
എന്നാല്‍ എട്ടാം മിനിട്ടില്‍ കുറച്ച് പോയിന്‍റുകൾ ജപ്പാന് നേടാനായി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 32-6 എന്ന സ്‌കോറിന് ഏറെ മുന്നിലായിരുന്നു. ആദ്യ പകുതിയില്‍ ആറ് പോയിന്‍റ് നേടിക്കൊണ്ട് ക്യാപ്റ്റൻ പവൻ സെഹ്‌രാവത്തായിരുന്നു ഇന്ത്യയുടെ ടോപ് റൈഡറായത്. രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് കുറച്ച് പോയിന്‍റുകള്‍ നേടാന്‍ ജപ്പാന് കഴിഞ്ഞുവെങ്കിലും കരുത്തരായ ഇന്ത്യയില്‍ നിന്നും മത്സരം കൈപ്പിടിയിലൊതുക്കാനുള്ള കെല്‍പ്പ് അവര്‍ക്കില്ലായിരുന്നു.
ഇനി ഇറാന്‍ : അടുത്ത മത്സരത്തില്‍ കരുത്തരായ ഇറാനാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാതെയാണ് ഇറാനും ഇന്ത്യയ്‌ക്ക് എതിരെ കളിക്കാന്‍ എത്തുന്നത്. ഇന്ത്യ, ഇറാൻ, ജപ്പാൻ, കൊറിയ, ചൈനീസ് തായ്പേയ്, ഹോങ്കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പില്‍ പോരടിക്കുന്നത്. എല്ലാ ടീമുകളും റൗണ്ട്-റോബിന്‍ രീതിയില്‍ പരസ്‌പരം ഓരോ കളികള്‍ കളിച്ചതിന് ശേഷം ആദ്യ രണ്ടിലെത്തുന്നവര്‍ക്കാണ് ഫൈനലിലേക്ക് യോഗ്യത ലഭിക്കുക.
അതേസമയം ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇതിന് മുന്നെ ടൂര്‍ണമെന്‍റിന്‍റെ എട്ട് പതിപ്പുകള്‍ നടന്നപ്പോള്‍ ഏഴ് തവണയും കിരീടം ചൂടിയത് ഇന്ത്യയാണ്. 2003-ല്‍ മലേഷ്യയിലെ കംഗാറിൽ നടന്ന പതിപ്പിൽ മാത്രമാണ് ഇന്ത്യയ്‌ക്ക് ചാമ്പ്യന്‍ഷിപ്പ് നഷ്‌ടമായത്. അന്ന് ഇറാനായിരുന്നു ജേതാക്കള്‍.
ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ പതിപ്പ് 2017-ൽ ഇറാനിലെ ഗോർഗനിലാണ് നടന്നിരുന്നത്. ഫൈനലിൽ പാകിസ്ഥാനെ 32-26ന് തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.