ഹാങ്ചോ(ചൈന): ഏഷ്യൻ ഗെയിംസില്‍ സ്വർണം തേടി ലോക ചാമ്പ്യൻ നീരജ് ചോപ്ര ഇന്നിറങ്ങും. ഏഷ്യൻ ഗെയിംസിലെ തന്‍റെ രണ്ടാം സ്വർണം ലക്ഷ്യമിട്ടാണ് നീരജ് ചോപ്ര ഇന്നിറങ്ങുന്നത്. ജാവലിൻ ത്രോയില്‍ ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ മെഡല്‍ ജേതാവായ നീരജ് ചോപ്രയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ 17-ാം സ്വർണമാണ്.
2018 ഏഷ്യൻ ഗെയിംസില്‍ നേടിയ ആകെ മെഡല്‍ നേട്ടം ഇന്ത്യ ഇന്ന് രാവിലെ മറികടന്നിരുന്നു. 69 മെഡലുകൾ എന്ന നേട്ടമാണി ഇന്ത്യ ഇന്ന് രാവിലെ 70 മെഡലുകൾ എന്ന നേട്ടത്തിലേക്ക് ഉയർത്തിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ബോക്‌സിങ് താരം ലോവ്‌ലിന ബോർഗോയിൻ കൂടി ഇന്നിറങ്ങുമ്പോൾ നീരജിനൊപ്പം മറ്റൊരു സുവർണ പ്രതീക്ഷ കൂടിയാണ് ഇന്ത്യയ്ക്ക്. 75 കിലോ ഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന മത്സരിക്കുന്നത്. ചൈനീസ് താരം ലി ക്വിയാനാണ് എതിരാളി.
മലയാളി കരുത്തില്‍: മലയാളി താരങ്ങളില്‍ പ്രതീക്ഷയർപ്പിച്ച് 4x400 മീറ്റർ റിലേ പുരുഷ-വനിത വിഭാഗത്തിലും ഇന്ത്യൻ ടീമുകൾ മത്സരിക്കുന്നുണ്ട്. ഈ രണ്ടിനത്തിലും ഇന്ത്യയ്ക്ക് സുവർണ പ്രതീക്ഷയുണ്ട്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസില്‍ സ്വർണം നേടിയ അവിനാശ് സാബ്‌ളെ 5000 മീറ്ററില്‍ ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പിച്ച് ഇന്നിറങ്ങും.
പാരീസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഹോക്കി ടീം: ഇന്ന് ദക്ഷിണകൊറിയയ്ക്ക് എതിരെ സെമിഫൈനലില്‍ ഇറങ്ങുന്ന ഇന്ത്യൻ ഹോക്കി ടീം ലക്ഷ്യമിടുന്നത് 2024 പാരീസ് ഒളിമ്പിക്‌സ് യോഗ്യത കൂടിയാണ്. ഇന്ന് ജയിച്ചാല്‍ ഒളിമ്പിക്‌സ് യോഗ്യതയും ഏഷ്യൻ ഗെയിംസ് ഫൈനല്‍ ബർത്തും ഉറപ്പിക്കാം. അമ്പെയ്‌ത്ത്, കബഡി, ബാഡ്‌മിന്‍റൺ ഇനങ്ങളില്‍ പ്രീ ക്വാർട്ടറില്‍ ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങുന്നുണ്ട്. ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള ഗുസ്‌തി ഇനങ്ങളും ഇന്ന് തുടങ്ങും.