ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) ഇന്ത്യയ്‌ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷില്‍ വെറ്ററന്‍ സൗരവ് ഘോഷാലും യുവതാരം അഭയ് സിങ്ങും അടങ്ങുന്ന പുരുഷ ടീമാണ് ഇന്ത്യയ്‌ക്ക് സ്വര്‍ണം സമ്മാനിച്ചത്. (Indian team comprising Abhay Singh and Saurav Ghosal clinched gold medal in men's squash team Asian Games 2023) ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.
ആദ്യ ഗെയിമില്‍ മഹേഷ് മങ്കോങ്കർ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ തുടര്‍ന്ന് മത്സരിച്ച സൗരവ് ഘോഷാലും അഭയ് സിങ്ങും മിന്നിയതോടെയാണ് വിജയം ഇന്ത്യയ്‌ക്ക് ഒപ്പം നിന്നത്. പാകിസ്ഥാന്‍റെ നാസിർ ഇക്ബാലിനെതിരെ 11-8, 11-3, 11-2 എന്ന സ്‌കോര്‍ ലൈനിലായിരുന്നു മഹേഷ് മങ്കോങ്കർ തോല്‍വി വഴങ്ങിയത്. പിന്നീട് രണ്ടാം ഗെയിമില്‍ മുഹമ്മദ് അസിം ഖാനെതിരെ സൗരവ് ഘോഷാൽ ജയം പിടിച്ചതോടെയാണ് ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
11-5, 11-1, 11-3 എന്ന സ്‌കോര്‍ ലൈനിലായിരുന്നു അസിം ഖാനെതിരെ സൗരവ് ഘോഷാൽ ഗെയിം സ്വന്തമാക്കിയത്. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ നൂര്‍ സമാനെ അഭയ് സിങ്ങ് തോല്‍പ്പിക്കുകയായിരുന്നു. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ 11-7, 9-11, 7-11, 11-9, 12-10 എന്ന സ്‌കോറിനാണ് അഭയ് സിങ്ങ് വിജയം പിടിച്ചത്.
അതേസമയം ഏഷ്യന്‍ ഗെയിംസിന്‍റെ ഏഴാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. നേരത്തെ മിക്‌സഡ് ഡബിൾസ് ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം അണിഞ്ഞത് (Rohan Bopanna and Rutuja Bhosale win Gold at Asian Games 2023).
ചൈനീസ് തായ്പേയുടെ സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് എന്നിവരെയാണ് ഫൈനലിൽ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഒമ്പതാം സീഡായ ചൈനീസ് തായ്പേയി താരങ്ങള്‍ക്കെതിരെ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മത്സരം പിടിച്ചത്. ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണമുറപ്പിച്ചത്.
ഏഷ്യന്‍ ഗെയിംസിലെ കന്നി ഫൈനലിന്‍റെ സമ്മര്‍ദത്തില്‍ തുടക്കത്തില്‍ ഋതുജ ഭോസാലെ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. ഇതോടെ 2-6 എന്ന സ്‌കോറിന് ആദ്യ സെറ്റ് സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് സഖ്യം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഋതുജ ഭോസാലെ മികവിലേക്ക് എത്തിയതോടെ ഇന്ത്യന്‍ താരങ്ങള്‍ അതിശക്തമായി തിരികെ എത്തുകയായിരുന്നു.
രണ്ടാം സെറ്റ് 6-3 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ- ഋതുജ സഖ്യം സ്വന്തമാക്കിയത്. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം സെറ്റ് 10-4 എന്ന സ്‌കോറിനും ഇരുവരും തൂക്കി. ഇതോടെ ഈ നൂറ്റാണ്ടിലെ ഏഷ്യൻ ഗെയിംസിന്‍റെ ആറ് പതിപ്പുകളിലും ടെന്നീസില്‍ ഓരോ സ്വര്‍ണമെങ്കിലും നിലനിർത്താന്‍ ഇന്ത്യയ്‌ക്ക് ആയി.